മുതിർന്ന ഒരു ഉദ്യോഗസ്ഥന് നൽകുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കൾക്ക് എല്ലാവർക്കും കൂടി നൽകുന്നില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി കൂടുതൽ പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ ധൂർത്ത് കുറയ്ക്കണമെന്ന് വിമർശിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മുതിർന്ന ഉദ്യോഗസ്ഥന് നൽകുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കൾക്ക് എല്ലാം കൂടി നൽകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ധൂർത്ത് ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരേയും ഒഴിവാക്കുകയാണ് വേണ്ടതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുഴുവൻ ഉപദേശകരേയും ഒഴിവാക്കണമെന്നും ഇവർ വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഒന്നുകിൽ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്നും അല്ലെങ്കിൽ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളിൽ തുടരാൻ അനുവദിക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം, പ്രതിപക്ഷത്തിനുള്ള മറുപടിയിൽ പവൻഹാൻസിൽ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ സർവ്വീസ് അവസാനിപ്പിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി പരാമർശിച്ചു. ഇത് അനാവശ്യ ചെലവാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് സുരക്ഷാ കാര്യങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ആയാണെന്നും രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾ ഹെലികോപ്റ്ററുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകുമെന്നും കേന്ദ്രസർക്കാർ ഡിഎ മരവിപ്പിച്ചതിലൂടെ ഒരു ജീവനക്കാരന്റെ ഒന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും ഡിഎ പിടിക്കുന്ന നിലപാടെടുത്തെന്നും രാജസ്ഥാനിൽ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോൺഗ്രസ് വിമർശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ചെലവ് കുറച്ച് കൊവിഡ് പ്രതിരോധത്തിനായി കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി 15 നിർദ്ദേശങ്ങൾ അടങ്ങിയ കത്തായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. സർക്കാർ ആവശ്യങ്ങൾക്കായി പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക, അത്യാവശ്യ ഘട്ടത്തിൽ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുക, വൻ ശമ്പളത്തിൽ കിഫ്ബിയിൽ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക, അനാവശ്യ തസ്തികകൾ നിർത്തലാക്കുക തുടങ്ങിയവയാണ് പ്രതിപക്ഷത്തിന്റെ നിർദേശം.

Exit mobile version