നൂറ്റിയൊന്നാം വയസ്സിലും നാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകന്‍; ദുരിതാശ്വാസ നിധിയിലേക്ക് കാല്‍ ലക്ഷം നല്‍കി ചിത്രന്‍ നമ്പൂതിരിപ്പാട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട അധ്യാപകന്റെ പങ്ക് കൂടി കോവിഡ് ദുരിതാശ്വാസനിധിയിലേക്ക്. ചരിത്രകാരനും യാത്രികനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാടാണ് ദുരിതാശ്വാസ നിധിയിലേക്ക് കാല്‍ ലക്ഷം രൂപ സംഭാവന നല്‍കിയത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് 25000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയത്. കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയാണ് നൂറ്റിയൊന്നാം വയസ്സിലും ചിത്രന്‍ നമ്പൂതിരിപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് എ.സി മൊയ്തീന്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കാണിച്ച നല്ല മനസ്സിന് മന്ത്രി നന്ദി പറഞ്ഞു.

പെരളശ്ശേരി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അന്യായമായി പുറത്താക്കിയപ്പോള്‍ അന്ന് വിദ്യാഭ്യാസ ഓഫീസറായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് രക്ഷകനായെത്തിയതിന്റെ ഓര്‍മകള്‍ മുന്‍പ് മുഖ്യമന്ത്രി പങ്കുവെച്ചിരുന്നു. ജനുവരിയില്‍ തൃശൂരിലെ വീട്ടിലെത്തി പി ചിത്രന്‍ നമ്പൂതിരിപ്പാടിനെ സന്ദര്‍ശിച്ചപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് അദ്ദേഹം സംഭാവനയായി നല്‍കിയിരുന്നു.

Exit mobile version