6000 വീടുകൾ സജ്ജം; വിമാനത്താവളത്തിൽ പരിശോധന സൗകര്യങ്ങളും ഒരുക്കി; പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം തയ്യാറെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

കൊച്ചി: കൊവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികൾ തിരിച്ചെത്തിയാൽ സ്വീകരിക്കാൻ എറണാകുളം പൂർണ്ണസജ്ജമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. പ്രവാസികൾക്ക് താമസിക്കാനായി 6000 വീടുകളും ഫ്‌ലാറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ തയ്യാറെടുപ്പുകൾ പൂർത്തിയാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എയർപോർട്ടിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സ്‌ക്രീനിംഗും മറ്റു പരിശോധനകളും നടത്തുകയെന്നും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

പ്രവാസികളെ തിരികെ കൊണ്ടുവരാനായി നടത്തിയ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ തയ്യാറെടുപ്പുകളെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനത്ത് കൂടുതൽ അന്താരാഷ്ട്ര സർവീസ് നടത്തുന്നത് നെടുമ്പാശ്ശേരിയിൽ നിന്നായതിനാൽ കൂടുതൽ പ്രവാസികൾ എത്തുന്നതും എറണാകുളം ജില്ലയിലാകും.

ഒരു വീട്ടിൽ നാലു പേർ എന്ന രീതിയിൽ 7000 മുറികളാണ് എത്തുന്നവർക്കായി തയാറാക്കിയിരിക്കുന്നത്. താൽക്കാലിക താമസത്തിനു വേണ്ടിയാണിത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 4701 വീടുകൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും. ആകെ 6000 വീടുകളും ഫ്‌ലാറ്റുകളും താമസത്തിനായി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version