ലക്ഷ്യം സ്വന്തം വീട്, ഒരു കുപ്പി വെള്ളവുമായി പരിശോധനകളിലൊന്നും കുടുങ്ങാതെ രമേശ് നടന്നത് 325 കിലോമീറ്റര്‍, വീട്ടിലെത്താന്‍ 90 കിലോമീറ്റര്‍ ദൂരം ബാക്കിയിരിക്കെ പോലീസിന്റെ വലയില്‍

തിരുവനന്തപുരം: ഒരു കുപ്പി വെള്ളവുമായി യാത്ര പുറപ്പെടുമ്പോള്‍ രമേശിന്റെ മനസ്സില്‍ എങ്ങനെയെങ്കിലും വീട്ടില്‍ എത്തണം എന്നുമാത്രമായിരുന്നു ലക്ഷ്യം. ചുട്ടുപൊള്ളുന്ന വെയില്‍ വകവയ്ക്കാതെ രമേശ് ഒമ്പത് ദിവസം നടന്ന് 325കിലേമീറ്റര്‍ പിന്നിട്ടു. വീട്ടിലെത്താന്‍ കഷ്ടിച്ച് 90 കിലോമീറ്റര്‍ ദൂരം ബാക്കിയിരിക്കെ ഒടുവില്‍ പോലീസിന്റെ പിടിയിലുമായി.

പൊള്ളാച്ചിയില്‍ സ്വകാര്യ ഫാം ഹൗസിലെ താത്കാലിക ജീവനക്കാരനാണ് മാര്‍ത്താണ്ഡം സ്വദേശിയായ രമേശ്(32). കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ രമേശിന് ജോലി നഷ്ടമായി. ഇതോടെ എങ്ങനെയെങ്കിലും മാര്‍ത്താണ്ഡത്തെ സ്വന്തം വീട്ടിലെത്തണമെന്ന് മാത്രമായി രമേശിന്റെ ചിന്ത.

തുടര്‍ന്ന് നാട്ടിലേക്ക് നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 15-നാണ് രമേശ് പൊള്ളാച്ചിയില്‍നിന്നു യാത്ര തുടങ്ങിയത്. യാത്ര ആരംഭിക്കുമ്പോള്‍ ഒരു കുപ്പി വെള്ളം മാത്രമായിരുന്നു രമേശ് കരുതിയിരുന്നത്. വഴിയില്‍നിന്നു ലഭിക്കുന്ന പൊതിച്ചോറുകള്‍ മാത്രമായിരുന്നു ആശ്രയം.

നാട്ടിലേക്കെത്താന്‍ കേരളത്തിലൂടെയുള്ള ഏറ്റവും ദൂരം കുറഞ്ഞ വഴിയായതിനാലാണ് ഇതു തിരഞ്ഞെടുത്തത്. എവിടെയും പോലീസ് പരിശോധന നേരിടേണ്ടി വന്നില്ല. അതിര്‍ത്തികളും കടന്ന് രമേശ് യാത്ര തുടര്‍ന്നു. ചുട്ടുപൊള്ളുന്ന വെയിലില്‍ ഒമ്പത് ദിവസം കൊണ്ട് 325 കിലോമീറ്റര്‍ പിന്നിട്ട് വ്യാഴാഴ്ച രാവിലെ കടമ്പാട്ടുകോണത്തെത്തിയപ്പോള്‍ രമേശ് പോലീസിന്റെ വലയിലായി.

മാര്‍ത്താണ്ഡത്തെ വീട്ടിലെത്താന്‍ കഷ്ടിച്ച് 90 കിലോമീറ്റര്‍ ദൂരം ബാക്കിയുള്ളപ്പോഴാണ് രമേശ് പോലീസിന്റെ പിടിയിലായത്. ഇയാളെ പോലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു പരിശോധിച്ച ശേഷം മാര്‍ ഇവാനിയോസ് കോളേജിലെ നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. രമേശിന് ഇനി യാത്ര തുടരണമെങ്കില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കണം.

Exit mobile version