ലോക്ക് ഡൗണ്‍ ലംഘനം; ഉന്നതബന്ധം മുതലാക്കി സര്‍ക്കാര്‍ വാഹനത്തില്‍ കര്‍ണാടയിലേക്ക് കടന്ന് അധ്യാപിക, കൂട്ടുനിന്ന് പോലീസ്, നടപടിയെടുക്കുമെന്ന് കളക്ടര്‍

വയനാട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം വന്നിരുന്നു. ജില്ലാ യാത്രകള്‍ക്ക് പോലും കടുത്ത നിയന്ത്രണം നിലനില്‍ക്കെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാന അതിര്‍ത്തി കടന്ന് അധ്യാപിക കര്‍ണാടകയിലെത്തി.

തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് സര്‍ക്കാര്‍ വാഹനത്തില്‍ കര്‍ണാടയിലെത്തിച്ചത്. ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ഇവര്‍ കര്‍ണാടകയിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഇവര്‍ എത്തിയതും സര്‍ക്കാര്‍ വാഹനത്തിലാണെന്നും സൂചനയുണ്ട്. തലസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള ബന്ധം മുതലാക്കിയാണ് ഇവര്‍ സര്‍ക്കാര്‍ വാഹനത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തത്.

താമരശ്ശേരിയില്‍നിന്നാണ് വയനാട്ടിലെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്‍ അധ്യാപികയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയത്. ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളെ ഈ അധ്യാപിക മറികടന്നത് . ഡല്‍ഹിയിലേക്കാണ് അധ്യാപിക യാത്രചെയ്യുന്നതെന്നാണു വിവരം. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വയനാട് കളക്ടര്‍ അദീല അബ്ദുള്ള രംഗത്തെത്തി.

തിരുവനന്തപുരത്തുനിന്ന് കര്‍ണാടകയിലേക്കു യാത്രചെയ്യാന്‍ പോലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു പാസ് നല്‍കാന്‍ പോലീസിന് അധികാരമില്ലെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാഭരണകൂടവും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ഗൗരവത്തോടെയാണ് ഈ വീഴ്ച അന്വേഷിക്കുന്നത്.

Exit mobile version