കര്‍ണാടകയില്‍ നിന്നും വനത്തിലെ ഊടുവഴികളില്‍ കൂടി മലയാളികള്‍ കണ്ണൂരിലെത്തുന്നു; നിയമവിരുദ്ധമായി എത്തിയ 36 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി

കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും വനത്തിലെ ഊടുവഴികളില്‍ കൂടി മലയാളികള്‍ കൂട്ടത്തോടെ കണ്ണൂരിലെത്തുകയാണ്. അത്തരത്തില്‍ നിയമവിരുദ്ധമായി ജില്ലയില്‍ എത്തിയ 36 പേരെ ഇരിട്ടിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍. അതേസമയം വനത്തിലൂടെ രാത്രി എത്തുന്നവരെ കണ്ടെത്തുക ഏറെ പ്രയാസകരമാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍ ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് തങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതെന്നാണ് കര്‍ണാടകയില്‍ നിന്നെത്തിയ തൊഴിലാളികള്‍ പറഞ്ഞത്.

അതേസമയം ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ് പറഞ്ഞു. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ പോലീസ് പട്രോളിംഗ് ആരംഭിക്കും. ഹോട്‌സ്പോട്ടുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റു ചെയ്യുമെന്നും കൂടുതല്‍ ജില്ലയില്‍ പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കണ്ണൂരിലാണ്. 54 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വരെ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ലെന്ന വിലയിരുത്തലിലായിരുന്നു അധികൃതര്‍. എന്നാല്‍ ഇന്നലെ ജില്ലയില്‍ പത്ത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യവും വന്നതോടെ കടുത്ത നിയന്ത്രണ നടപടികളിലേക്ക് കടക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാവുകയായിരുന്നു.

Exit mobile version