മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു, പ്രവാസികളെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി പുത്തന്‍ ഹെര്‍മിറ്റേജ് ഭവന്‍ വിട്ടുനല്‍കി മാര്‍ത്തോമ സഭ, നന്ദി അറിയിച്ച് വീണ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചതോടെ പ്രവാസികളെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി ഹെര്‍മിറ്റേജ് ഭവന്‍ ജില്ലാ ഭരണകൂടത്തിന് വിട്ടുനല്‍കി മാര്‍ത്തോമ സഭ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വീണാ ജോര്‍ജ് എംഎല്‍എയാണ് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായോട് കെട്ടിടം വിട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

21,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹെര്‍മിറ്റേജ് ഭവനില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത 20 അപ്പാര്‍ട്ടുമെന്റുകളാണുള്ളത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും മടങ്ങിയെത്തുന്നവരെ ഉള്‍പ്പെടെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി ഈ കെട്ടിടം വിട്ടുനല്‍കുമോ എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് മെത്രാപ്പോലീത്തയുമായി എംഎല്‍എ സംസാരിച്ചത്.

അതുപ്രകാരം ഹെര്‍മിറ്റേജ് ഭവന്‍ വിട്ടു നല്‍കുന്നതിന് മെത്രാപ്പോലീത്ത എംഎല്‍എയെ സമ്മതം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐസലേഷനായി വിട്ടുനല്‍കിയ കോഴഞ്ചേരി ഹെര്‍മിറ്റേജ് ഭവന്‍ വീണാ ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു. കെട്ടിടം ഗവണ്മെന്റ് ആവശ്യത്തിന് വിട്ടുനല്കിയതില്‍ വീണാ ജോര്‍ജ് എംഎല്‍എ സഭാ നേതൃത്വത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

എംഎല്‍എയ്‌ക്കൊപ്പം കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി ഈശോ, മാര്‍ത്തോമ സഭാ പ്രതിനിധി റോയി മാത്യു, ഡെപ്യൂട്ടി തഹസില്‍ദാര്‍ സാം.പി.തോമസ്, കിരണ്‍.ആര്‍.നായര്‍ എന്നിവര്‍ ഹെര്‍മിറ്റേജ് മന്ദിരം സന്ദര്‍ശിച്ചു.

60 പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനും ഭക്ഷണ സൗകര്യങ്ങള്‍ ക്രമീകരിക്കാനും ഹെര്‍മിറ്റേജ് ഭവന്‍ ഉപകരിക്കുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍ പറഞ്ഞു. വൃദ്ധരായ വൈദികരെയും രോഗാവസ്ഥയില്‍ ഉള്ളവരെയും താമസിപ്പിക്കുന്നതിനു വേണ്ടി സഭ നിര്‍മിച്ച ഹെര്‍മിറ്റേജ് ഭവന്‍ ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഹെര്‍മിറ്റേജിന് പുറമേ ചരല്‍ക്കുന്ന് ക്യാമ്പ് സെന്റര്‍, അടൂര്‍ യൂത്ത് സെന്റര്‍, ആറാട്ടുപുഴ തരംഗം എന്നീ സ്ഥാപനങ്ങളും മാര്‍ത്തോമ സഭ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിട്ടുനല്‍കിയിട്ടുണ്ട്.

Exit mobile version