‘ ഇനി മദ്യം വേണ്ട, ഇത് നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ?’; നാവു നനയ്ക്കാനെങ്കിലും ഒരു തുള്ളി അന്വേഷിച്ച് നടന്നവര്‍ ഇന്ന് ചോദിക്കുന്നു

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളും ഒന്നടങ്കം അടച്ചുപൂട്ടിയിരുന്നു. മദ്യം കിട്ടാതായതോടെ മദ്യാസക്തി മൂലം നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. മദ്യശാലകള്‍ അടച്ച ആദ്യ ദിനങ്ങളില്‍ ‘ഇത്തിരി എന്തെങ്കിലും കിട്ടാന്‍ വഴിയുണ്ടോ…?’എന്ന് അന്വേഷിച്ച് നടന്നവര്‍ ഇന്ന് ചോദിക്കുന്നത് ‘ഇത് നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ?’ എന്നാണ്.

നാവു നനയ്ക്കാനെങ്കിലും ഒരു തുള്ളി ചോദിച്ചവര്‍ ഇപ്പോള്‍ വിളിക്കുന്നത് ‘ഇതൊന്ന് നിര്‍ത്താന്‍ എന്താണ് വഴി’ എന്ന് ചോദിച്ചാണെന്ന് അധികൃതര്‍ പറയുന്നു. എക്‌സൈസ് വകുപ്പിന്റെ വിമുക്തി കൗണ്‍സലിങ് സെന്ററുകളില്‍ ഈ ആവശ്യമുന്നയിച്ചുള്ള ഫോണ്‍വിളികള്‍ കൂടിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.

മദ്യപാനം നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോയെന്ന് ചോദിച്ച് ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതല്‍ കഴിഞ്ഞ ദിവസം വരെ വിമുക്തി കൗണ്‍സലിങ് സെന്ററിലേക്ക് വിളിച്ചത് 740 പേരാണ്. ആദ്യദിനങ്ങളില്‍ മദ്യം കിട്ടാതെ മാനസിക വിഭ്രാന്തിയിലായവരും ബന്ധുക്കളുമെല്ലാമാണ് വിളിച്ചിരുന്നതെന്ന് അധികൃതര്‍ പറയുന്നു.

എന്നാല്‍ ഇന്ന് വരുന്ന കോളുകളിലേറെയും മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കാനുള്ള വഴികള്‍ തേടി വിളിക്കുന്നവരാണെന്ന് എക്‌സൈസ് വകുപ്പിലെ സോഷ്യോളജിസ്റ്റായ വിനു വിജയന്‍ പറഞ്ഞു. ചികിത്സ വേണമെന്നാണ് ഭൂരിഭാഗത്തിന്റെയും ആവശ്യമെന്നും ലോക്ക്ഡൗണിനു ശേഷം ചികിത്സ തുടങ്ങാമെന്ന് ഇവരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ലോക്ക് ഡൗണായതോടെ മദ്യം കിട്ടാതെ മാനസികവിഭ്രാന്തിയിലായവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. വിശപ്പ് തിരിച്ചെത്തിയെന്നും നന്നായി ഭക്ഷണം കഴിക്കാനാകുന്നുവെന്നും പലരും പറയുന്നുണ്ട്. ഈ മാറ്റം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നത്’ – വിനു വിജയന്‍ പറഞ്ഞു.

വിവിധ വിമുക്തി സെന്ററുകളിലായി നൂറിലേറെ പേരാണ് ചികിത്സയെന്ന ആവശ്യമുന്നയിച്ച് ബന്ധപ്പെട്ടിട്ടുള്ളതെന്നും ഈ മാറ്റം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, മദ്യശാലകള്‍ തുറന്നാല്‍ മദ്യം കിട്ടിയാല്‍ വീണ്ടും കുടിച്ചുതുടങ്ങുമോയെന്ന പേടിയും പലരും പങ്കുവയ്ക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version