രോഗവ്യാപന സാധ്യത മുന്നിലുണ്ട്, ഇളവുകള്‍ ലഭിച്ച ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇന്നു മുതല്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ലോക്ക്ഡൗണിന് ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ ചെയ്യുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

ഇളവുലഭിച്ചതോടെ ഏഴുജില്ലകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാനും സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യാനുമാണ് അനുമതിയുള്ളത്. പച്ച, ഓറഞ്ച് ബി മേഖലയിലുള്ള ജില്ലകളിലാണ് ഇളവുകള്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഇളവുകള്‍ ലഭിക്കുന്നതോടെ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കാനും സാധ്യതയുണ്ട്.

ഇത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ ചെയ്യുമെന്ന മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണ് നടപടി.

മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണത്തിനപ്പുറം പോലീസിനെ അടക്കം ഉപയോഗിച്ച് വ്യാപക പരിശോധനക്കും നിയന്ത്രണങ്ങള്‍ക്കും ഈ ഘട്ടത്തില്‍ പരിമിതിയുണ്ട്. നേരത്തെ, രോഗം നിയന്ത്രണത്തിലായതോടെ 26 ദിവസം നീണ്ട ലോക്ക് ഡൗണ്‍ മാര്‍ച്ച് 19ന് നീക്കിയ ജപ്പാനിലെ ഹൊക്കായ്‌ഡോ മേഖലയുടെ അനുഭവമാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

രോഗം വീണ്ടും വ്യാപിച്ചതോടെ ഇവിടെ രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നു. 50 ശതമാനം പേരിലെങ്കിലും രോഗം വരാവുന്ന തരത്തില്‍ കൊറോണ മൂന്നാം വരവ് മുന്നില്‍ക്കണ്ട് തന്നെയാണ് സംസ്ഥാനത്ത് ജാഗ്രത തുടരുന്നത്. അതിനാല്‍ ഘട്ടംഘട്ടമായി മാത്രമേ ഇളവുകള്‍ അനുവദിക്കുകയുള്ളൂ.

Exit mobile version