ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് സേലത്തേക്ക് പുറപ്പെട്ട ഭാര്യയേയും മക്കളേയും അതിര്‍ത്തിയില്‍ തടഞ്ഞ് തമിഴ്‌നാട് പോലീസ്; ശവസംസ്‌കാരച്ചടങ്ങുകള്‍ കണ്ടത് വീഡിയോ കോളിലൂടെ

പാലക്കാട്: ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് സേലത്തേക്ക് പോകാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളികളായ അമ്മയെയും മക്കളെയും അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസ് തടഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. കേരള പോലീസിന്റെ സമ്മതപത്രം കാണിച്ചിട്ടും തമിഴ്‌നാട് പോലീസ് കടത്തിവാടാതെ വന്നതോടെ അമ്മയ്ക്കും മക്കള്‍ക്കും ശവസംസ്‌കാരച്ചടങ്ങുകള്‍ വീഡിയോക്കോളില്‍ കാണേണ്ടിവന്നു.

ലക്ഷ്മി (65), മക്കളായ മഞ്ജുള (35), അല്ലിമുത്ത് (28), പാണ്ഡ്യരംഗന്‍ (45), മരുമകന്‍ ശരവണന്‍ (43) എന്നിവരെയാണ് പോലീസ് തടഞ്ഞത്. തമിഴ്‌നാട്ടില്‍ക്കഴിയുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് പൊന്നുമുടി ബുധനാഴ്ചയാണ് മരിച്ചത്. കള്ളക്കുറിശ്ശിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ജോലിക്കായി രാമനാട്ടുകരയിലെത്തിയ ലക്ഷ്മിയും മക്കളും ഭര്‍ത്താവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വേണ്ടി സേലത്തേക്ക് പുറപ്പെട്ടു.

ഫറോക്ക് പോലീസ് സ്റ്റേഷനില്‍നിന്ന് സമ്മതപത്രം വാങ്ങി വ്യാഴാഴ്ച തമിഴ്‌നാട്ടിലേക്ക് തിരിച്ചു. രാവിലെ 11 മണിയോടെ വാളയാറിലെത്തി. തമിഴ്‌നാട് പോലീസിന് കേരള പോലീസിന്റെ സമ്മതപത്രം കാണിച്ചെങ്കിലും കടത്തിവിട്ടില്ല. അമ്മയും മക്കളും കരഞ്ഞപേക്ഷിച്ചിട്ടും പോലീസ് കടത്തിവിടാന്‍ തയ്യാറായില്ല.

ദുഃഖമടക്കാനാവാതെ വ്യാഴാഴ്ച രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുമണിവരെ വാളയാറില്‍ കഴിയേണ്ടിവന്നുവെന്ന് ശരവണന്‍ പറഞ്ഞു. ഇവരുടെ തുടര്‍യാത്ര ഉറപ്പില്ലാതായതോടെ നാട്ടില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കുയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ വീഡിയോകോളിലൂടെ ഭാര്യയ്ക്കും മക്കള്‍ക്കും കാണേണ്ടിവന്നു. രാത്രി വൈകി സേലത്തേക്കുള്ള യാത്ര പുനരാരംഭിച്ചതായി കുടുംബാംഗങ്ങള്‍ ഫോണില്‍ അറിയിച്ചു.

Exit mobile version