‘ചില കുട്ടികള്‍ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാതെ ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും’; പൊട്ടിച്ചിരിപ്പിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ കുട്ടികള്‍ എല്ലാവരും വീടുകളിലാണ്. വേനല്‍ അവധിക്കാലമായിട്ടും പുറത്ത് കളിക്കാന്‍ പോകാന്‍ കഴിയാത്തത് കൊണ്ട് കുട്ടികള്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണിലും ടിവിയിലുമാണെന്നാണ് മാതാപിതാക്കല്‍ പരാതിപ്പെടുന്നത്. സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നു തുടങ്ങിയതോടെ കുഞ്ഞുകുട്ടികള്‍ പല്ല് തേയ്ക്കാതെ ചായ കുടിക്കുന്നുവെന്നും ചില മാതാപിതാക്കള്‍ പറയുന്നുണ്ട്.

ഇത്തരത്തില്‍ കുട്ടിക്കുറുമ്പനായ തന്റെ മകനെ മര്യാദ പഠിപ്പിക്കാന്‍ ഒരു മാര്‍ഗവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനുമായ ജിയോ ബേബി. കൊവിഡ് കാലത്ത് മലയാളികളുടെ ദിനചര്യയായി മാറിയ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം എഡിറ്റുചെയ്ത് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിക്കുകയാണ് ജിയോ. സിനിമാ പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ലൂയിസാണ് ഈ രസകരമായ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

‘ചില കുട്ടികള്‍ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാതെ ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികള്‍ പൊതുവെ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികള്‍ക്കെതിരെ നിയമനടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്‌നം ശ്രദ്ധയില്‍പ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈല്‍ഫോണിന്റെ ഉപയോഗമാണ്, ഇത് അനുവദിച്ചു തരാന്‍ പറ്റുന്നതല്ല. അമിതമായി മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്കതിരെ പോലീസ് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

മറ്റൊരു പ്രവണത ശ്രദ്ധയില്‍പ്പട്ടത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം മനപൂര്‍വം തടസപ്പെടുത്താന്‍ റിമോട്ട് കൈക്കലാക്കി ചാനല്‍ മാറ്റുന്ന പ്രവണത ചില കുട്ടികള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്….’ എന്നാണ് വീഡിയോയില്‍ പറയുന്നത്.

ദിവസേനയുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം കുട്ടികളും മുടങ്ങാതെ കാണാറുണ്ട്. തന്റെ മകനും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം കാണുന്നുണ്ട്. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടില്‍ മോനെ കൊണ്ട് ചില കാര്യങ്ങള്‍ ഒക്കെ ചെയ്യിക്കുന്നതെന്നും ജിയോ ബേബി പറയുന്നു. അതിനാലാണ് ഇത്തരത്തില്‍ ഒരു വീഡിയോ തയ്യാറാക്കിയതെന്നും ജിയോ ബേബി പറയുന്നു.

ജിയോ ബേബിയുടെ കുറിപ്പ്

മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടില്‍ മോനെ കൊണ്ട് ചില കാര്യങ്ങള്‍ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവന്‍ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോള്‍ അവനെ പറ്റിക്കാന്‍ വേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയതാണ്, ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി. അവന്റെ ഒരു ഷോട്ടും കൂടേ ചേര്‍ത്ത് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു. francies Louis ആണ് എഡിറ്റ് ചെയ്തത്.ഒരു തമാശയായി ലോക്ക്ഡൗണ്‍ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.

Exit mobile version