കൊവിഡിനെതിരായ പോരാട്ടം ഫലത്തിലേക്ക്; ഇന്ന് കുറേ കേസുകൾ നെഗറ്റീവാകും; ആശ്വാസം പകർന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിനെതിരെ പോരാട്ടം നടത്തുന്ന കേരളത്തിന്റെ പ്രയത്‌നം ഫലം കാണുന്നെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. കൊവിഡ് പൊസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണ്. ആരോഗ്യവകുപ്പും പോലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ കോണ്ടാക്ട് ട്രേസിംഗ് ആണ് കൊവിഡിനെ നടയുന്നതിൽ ഏറെ ഗുണം ചെയ്തത്. നേരിയ രോഗലക്ഷണവുമായി വരുന്നവരെ പോലും പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്. പത്ത് പേർക്ക് ചികിത്സ വേണ്ടപ്പോൾ ആയിരം പേരെ മുന്നിൽ കണ്ടുള്ള സൗകര്യങ്ങളൊരുക്കിയതും നമ്മുക്ക് നേട്ടമായി. അതേസമയം കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടാലും അയൽ സംസ്ഥാനങ്ങളിൽ രോഗം പടരുന്നത് ആശങ്കാജനകമാണെന്നും എല്ലായിടത്തും കൊവിഡ് നിയന്ത്രണവിധേയമാകണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

കൊവിഡിനെതിരായ നമ്മുടെ പോരാട്ടം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നു വേണം വിലയിരുത്താൻ. നല്ല രീതിയിലുള്ള കോണ്ടാക്ട് ട്രേസിംഗാണ് നമ്മൾ ഇതുവരെ നടത്തിയത്. ആരോഗ്യവകുപ്പ്, പോലീസ് ഇന്റലിജൻസ് എന്നിവർ ചേർന്നുള്ള സംയുക്ത പ്രവർത്തനമായിരുന്നു അത്. ഒന്നോ രണ്ടോ കണികൾ വിട്ടു പോയതൊഴിച്ചാൽ മിക്കവാറും എല്ലാ കോണ്ടാക്ടുകളേയും ട്രേസ് ചെയ്യാൻ സാധിച്ചു.

മറ്റൊന്ന് നമ്മുടെ ഐസൊലേഷൻ സിസ്റ്റമാണ്. പത്ത് ബെഡ് വേണ്ടിടത്ത് ആയിരം ബെഡൊരുക്കിയാണ് നാം കൊവിഡിനോട് പൊരുത്തിയത്. എല്ലാ രോഗികൾക്കും മികച്ച ചികിത്സ നൽകാൻ സാധിച്ചതും നിർണായകമായി. മറ്റു രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി കൊവിഡ് ആശുപത്രികൾ തുടങ്ങിയതും തുണയായി.

ലോക്ക് ഡൗൺ ദീർഘിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ജീവൻ നിലനിർത്തുന്നതിനൊപ്പം ജീവിതവും മുന്നോട്ട് കൊണ്ടു പോകണം എന്നാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പറഞ്ഞത് അതു വളരെ ശരിയുമാണ്. വിളഞ്ഞ നെല്ലൊക്കെ ഇനി കൊയ്‌ത്തെടുക്കണം അല്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും. ഇപ്പോൾ വൈറസ് വന്നു മരിക്കും, പിന്നെ പട്ടിണി കിടന്നു മരിക്കും. ഇതൊക്കെ ബാലൻസ് ചെയ്തു പോകണം.

അതുപോലെ ജനങ്ങളുടെ സഞ്ചാരം പൂർണമായും തടഞ്ഞാൽ അതു സൃഷ്ടിക്കുന്ന സാമ്പത്തികസാമൂഹിക പ്രശ്‌നങ്ങളുണ്ട്. എന്നാൽ ജനങ്ങളെ മുഴുവനായി ഇറക്കി വിട്ടാൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളുമുണ്ട്. അതിനാൽ അതൊക്കെ ആലോചിച്ച് തീരുമാനം എടുക്കണമെന്നും മന്ത്രി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

Exit mobile version