മോഡിയെ വിമർശിച്ചാൽ രാജ്യദ്രോഹം, പിണറായിയെ വിമർശിച്ചാൽ അവഹേളനമെന്നത് ജനാധിപത്യ വിരുദ്ധം; കെ സുരേന്ദ്രന് മറുപടിയില്ലെന്നും ചെന്നിത്തല

തിരുവനന്തപുരം: സിപിഎം തന്നെ വ്യക്തിപരമായി അവഹേളിക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം സൈബർ ഗുണ്ടാടീമിനെ ഏർപ്പാടാക്കിയിരിക്കുകയാണെന്നാണ് ചെന്നിത്തലയുടെ വിമർശനം. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോഡിയെ വിമർശിച്ചാൽ രാജ്യദ്രോഹം. പിണറായി വിജയനെ വിമർശിച്ചാൽ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

സിപിഎം വളരെ സംഘടിതമായി നടത്തുന്ന ഒരു പ്രവർത്തനമാണിത്. ആളുകളെ മോശക്കാരാക്കുക, വഷളാക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക തുടങ്ങിയവയ്ക്കായി ഒരു സൈബർ ഗുണ്ടാസംഘത്തെ തയ്യാറാക്കിവച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിച്ചാൽ അപ്പോൾ തന്നെ ബോധപൂർവം അവഹേളിക്കാനായാണ് ഇത്തരം സൈബർ ആക്രമണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, രാവിലെ തന്നെ കുളിച്ച് കുറിയും തൊട്ട് സർക്കാരിനെ വിമർശിക്കലാണ് പ്രതിക്ഷത്തിന്റെ പ്രവർത്തനമെന്ന് പരിഹസിച്ച ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രനും ചെന്നിത്തല മറുപടി നൽകി. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. കുറവുകൾ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. കെസുരേന്ദ്രൻറെ വിമർശനം മറുപടി അർഹിക്കുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Exit mobile version