ലോക്ക് ഡൗൺ ലംഘിച്ച കേസിൽ ജാമ്യത്തിലിറങ്ങി, പോലീസിനെ തെറി വിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; യൂത്ത്‌ലീഗ് നേതാവ് അറസ്റ്റിൽ

hand cough | Kerala News

പട്ടാമ്പി: ലോക്ക് ഡൗൺ ലംഘിച്ചതിന് പിടികൂടിയതിൽ പ്രകോപിതനായ യൂത്ത് ലീഗ് നേതാവ് ജാമ്യത്തിലിറങ്ങി പോലീസിനെ തെറി വിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് വീണ്ടും പോലീസ് സ്‌റ്റേഷൻ കയറി. പോലീസിനെതിരേ പ്രകോപനപരമായി പോസ്റ്റ് ഇട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി കൊപ്പത്ത് പാറമേൽ ഉമ്മർ ഫാറൂക്ക് (35) എന്നയാളെയാണ് പട്ടാമ്പി സബ് ഇൻസ്‌പെക്ടർ അബ്ദുൽ ഹക്കിം കെസി അറസ്റ്റ് ചെയ്തത്.

ലോക്ക്ഡൗൺ ലംഘിച്ചതിനെതിരേ ദിവസങ്ങൾക്കുമുമ്പ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ ഉമ്മർ ഫാറൂക്ക് പോലീസിനെതിരേ അസഭ്യം നിറഞ്ഞ പോസ്റ്റ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പോലീസിനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് കൊപ്പം സ്വദേശിയായ ഇസ്മയിൽ വിളയൂർ എന്ന ലീഗ് നേതാവിനെതിരെ കൊപ്പം പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version