ഗര്‍ഭിണിയായ ഫാത്തിമ ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്പോഴേക്കും ഫയര്‍ ഫോഴ്‌സ് വീട്ടില്‍ വെള്ളമെത്തിച്ചു;ഹിറ്റായി ഒരു ഫേസ്ബുക്ക് പോസ്റ്റ്, സൂപ്പര്‍ഹിറ്റായി വീണ ജോര്‍ജ് എംഎല്‍എയുടെ ‘അമ്മയും കുഞ്ഞും’

പത്തനംതിട്ട: പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫാത്തിമ അഷ്‌റഫ് എന്ന യുവതിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബന്ധു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ ഫോഴ്‌സ് വെള്ളമെത്തിച്ചു എന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ജനശ്രദ്ധ നേടിയത്.

‘കേരള സര്‍ക്കാര്‍ ജനങ്ങളെ അമ്പരപ്പിക്കുകയാണ്…’ എന്ന് പറഞ്ഞുകൊണ്ടിയിരുന്നു പോസ്റ്റിന്റെ തുടക്കം. പിന്നീട് ഗര്‍ഭിണിയായിരുന്ന ഫാത്തിമ ബ്ലീഡിംഗുമായി ഡോക്ടറെ കാണാന്‍ എത്തിയ സംഭവവും തിരിച്ച് വീട്ടിലെത്തിയ അവരെ അമ്പരപ്പിച്ച് ടാങ്കില്‍ വെളളം നിറച്ച് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മടങ്ങുന്ന കാഴ്ചയുമടക്കം വിശദമായി കുറിച്ചിട്ടുണ്ട്.

കൊറോണക്കാലത്ത് ഗര്‍ഭിണികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘അമ്മയും കുഞ്ഞും’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഈ സേവനങ്ങളെല്ലാം ഞൊടിയിടയില്‍ ലഭ്യമായത്. ചെറുതായി ബ്ലീഡിംഗ് ഉണ്ടായതോടെ ഫാത്തിമ വിവരം ഈ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുകയായിരുന്നു.

ഫാത്തിമയോട് വേഗംതന്നെ ഹോസ്പിറ്റലില്‍ എത്താന്‍ ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഫാത്തിമയുടെ വിവരങ്ങള്‍ നേരിട്ട് വിളിച്ചന്വേഷിച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രായമായ മാതാപിതാക്കളും രണ്ടു ചെറിയ കുട്ടികളുമുള്ള ഫാത്തിമയുടെ വീട് കുറച്ച് ഉയര്‍ന്ന പ്രദേശത്താണെന്നും ഇവിടെ വെള്ളത്തിന് ക്ഷാമമുണ്ടെന്നുമൊക്കെ അറിഞ്ഞു.

ഫാത്തിമ ഹോസ്പിറ്റലില്‍ പോയി വീട്ടില്‍ എത്തുമ്പോഴേക്കും ജലക്ഷാമത്തിന് പരിഹാരമായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ 5000 ലിറ്റര്‍ വെള്ളമാണ് ഫാത്തിമയുടെ വീട്ടിലെത്തിച്ചു. എല്ലാ സേവനങ്ങളും അമ്മയും കുഞ്ഞും എന്ന ഗ്രൂപ്പിലൂടെയാണ് ലഭ്യമായത്.

വീണ ജോര്‍ജ് എംഎല്‍എയ്ക്ക് പുറമേ ഡോക്ടര്‍മാര്‍, കൗണ്‍സിലേഴ്‌സ്, ഗര്‍ഭിണികള്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. അമ്മയും കുഞ്ഞും എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഗര്‍ഭിണികളുടെ എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്നതായി എംഎല്‍എ പറഞ്ഞു.

Exit mobile version