കൊറോണയ്‌ക്കെതിരെ കേരളത്തിലും ചികിത്സ പരീക്ഷണം; പ്ലാസ്മ ചികിത്സയ്ക്ക് ശ്രീചിത്രയില്‍ പരീക്ഷണാനുമതി

തിരുവനന്തപുരം: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ കേരളത്തിലും ചികിത്സ പരീക്ഷണം. പ്ലാസ്മാ ചികിത്സ പരീക്ഷണത്തിലൂടെ കൊറോണയെ കീഴടക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ചികിത്സാ പരീക്ഷണം നടത്താനുള്ള ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ നിര്‍ദേശത്തിന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അനുമതി നല്‍കി.

പ്ലാസ്മ ചികിത്സ പരീക്ഷണത്തിനുള്ള ശ്രീചിത്രയുടെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി പരിശോധിച്ചശേഷം ഐസിഎംആറിന്റെ അനുമതിക്ക് സമര്‍പ്പിക്കുകയായിരുന്നു. ചൈനയിലും അമേരിക്കയിലും ഈ ചികിത്സ ഫലം കണ്ടതായും അമേരിക്കയില്‍ ഈ ചികിത്സയ്ക്ക് അനുമതിയായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ രോഗവിമുക്തനായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് രോഗബാധിതനായ ആള്‍ക്ക് നല്‍കിയാല്‍ കൊറോണയെ കീഴടക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ പരീക്ഷിക്കുന്നത്. അതേസമയം, രോഗിയുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ ചികിത്സ പരീക്ഷിക്കുകയുള്ളൂ.

നിലവില്‍ ഐസിഎംആറിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ ക്ലിനിക്കല്‍ പഠനത്തിന് രക്തം ശേഖരിക്കാന്‍ സാധാരണയിലേതിനേക്കാള്‍ ചില ഇളവുകള്‍കൂടി നേടേണ്ടതുണ്ടെന്ന് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ഒരു മാധ്യമത്തോടായി പറഞ്ഞു.

ഇതിനായി ഡ്രഗ്കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. കൂടാതെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതികൂടി ഈ പഠനത്തിനുവേണം. പ്ലാസ്മ ചികിത്സ നല്‍കുന്നത് രോഗികളുടെ അറിവോടെയും സമ്മതത്തോടെയും ആണോ, രോഗിയുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റി വിലയിരുത്തുക. ഈ അനുമതികള്‍കൂടി ലഭിച്ചാല്‍ ശ്രീചിത്രയ്ക്ക് പഠനവുമായി മുന്നോട്ടുപോകാമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

എന്താണ് പ്ലാസ്മാ ചികിത്സ അഥവാ ആന്റിബോഡി ചികിത്സ

കോവിഡില്‍നിന്ന് പരിപൂര്‍ണമായി മുക്തിനേടിയ ആളുടെ രക്തത്തില്‍ ആ രോഗത്തിനെതിരായ ആന്റിബോഡി ഘടകങ്ങള്‍ ഉണ്ടാകും. പ്ലാസ്മയിലാണ് ഇത് ഉണ്ടാവുക. രോഗമുക്തനായ ആളുടെ രക്തത്തെ പ്ലാസ്മാഫെറസിസ് മെഷീനിലൂടെ കടത്തിവിടും. അത് രക്തകോശങ്ങളെ പ്ലാസ്മയില്‍നിന്ന് വേര്‍തിരിക്കും. ആ പ്ലാസ്മ ശീതീകരിച്ച് സൂക്ഷിക്കാം. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കണ്‍വാലിസന്റ് പ്ലാസ്മാ തെറാപ്പി എന്നും ആന്റിബോഡി ചികിത്സയെന്നും അറിയപ്പെടുന്നത്.

Exit mobile version