കൊറോണ വ്യാപനം: സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 1400 തടവുകാർക്ക് മോചനം; ജാമ്യത്തിലും പരോളിലും കൂട്ടത്തോടെ പുറത്തേക്ക്

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ് വിട്ടയച്ചത്. വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പരോൾ കൂടുതൽ ഉദാരമാക്കണമെന്ന് ജയിൽ മേധാവി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ലോക്ഡൗൺ ഇനിയും നീട്ടിയാൽ പുറത്തിറങ്ങിയവർക്ക് തിരിച്ചെത്താനുള്ള സമയം വീണ്ടും നീട്ടി നൽകും. ജയിലിലെ തിരക്ക് കുറയ്ക്കാനായാണ് ഈ നീക്കം. കേരളത്തിന് പുറമെ തീഹാർ ജയിലിൽ ഉൾപ്പടെ ഇതേരീതിയിൽ വിചാരണ തടവുകാരെ ഉൾപ്പടെ വിട്ടയച്ചിരുന്നു.

പരോൾ ഇനിയും ഉദാരമാക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ഇതിനായി മൂന്ന് ശുപാർശകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. 50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാർക്കും 60 വയസു കഴിഞ്ഞ പുരുഷ തടവുകാർക്കും പരോൾ നൽകണമെന്നും, അടിയന്തര പരോളിൽ പുറത്തിറങ്ങി പ്രശ്‌നങ്ങളുണ്ടാക്കാത്തവർക്കും പരോൾ നൽകണമെന്നും മൂന്നിൽ രണ്ട് കാലം ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെയും വിട്ടയക്കണമെന്നും ജയിൽ വകുപ്പ് ശുപാർശ ചെയ്യുന്നു.

Exit mobile version