കർണാടക ചികിത്സ നിഷേധിച്ചു; കാസർകോട് ചികിത്സ കിട്ടാതെ ഒരു മരണം കൂടി

കാസർകോട്: കർണാടക കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നത് തുടരുന്നു. കാസർകോട്-കർണാടക അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരു രോഗി കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് ചികിത്സ കിട്ടാതെ മരിച്ചത്.

ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അബ്ദുൾ സലീം. എന്നാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മരണം സംഭവിച്ചത്. രണ്ടു ദിവസം മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ അന്ന് കർണാടക അധികൃതർ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു.

അടിയന്തര ചികിത്സയ്ക്കായി ബുധനാഴ്ച മംഗളൂരുവിലേക്ക് പോയ മൂന്ന് രോഗികളിൽ രണ്ടു പേർക്കും കർണാടക ചികിത്സ നിഷേധിച്ചിരുന്നു. രോഗികളുമായി പോകുന്ന വാഹനങ്ങൾ തലപ്പാടി വഴി കടത്തി വിടുമെന്നാണ് അറിയിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളുടേയും മെഡിക്കൽ സംഘം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം രോഗികളെ കടത്തി വിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പലരേയും മടക്കി അയക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. കഴിഞ്ഞദിവസം പരിശോധനകൾ പൂർത്തിയാക്കി അതിർത്തി കടന്ന് മംഗളൂരുവിലെ ആശുപത്രിയിൽ കാസർകോട്ടെ രോഗിയെ എത്തിച്ചിട്ടും ചികിത്സ നിഷേധിക്കപ്പെട്ടിരുന്നു.

ഡോക്ടർമാർ പരിശോധിക്കാൻ കൂട്ടാക്കാതിരുന്നതോടെ രോഗിയെ തിരികെ കാസർകോട്ടേക്ക് അതേ ആംബുലൻസിൽ തന്നെ കൊണ്ടുവരികയായിരുന്നു. അതിർത്തി പ്രശ്‌നത്തിന് പരിഹാരമായെങ്കിലും കർണാടകയിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Exit mobile version