കേരളത്തിനോട് വിവേചനമില്ല; അനുവദിച്ചത് കൊവിഡ് ഫണ്ടുമല്ല; വിശദീകരണവുമായി വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാനത്തിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം അനുവദിച്ച ഫണ്ടിൽ വിവേചനമുണ്ടെന്ന ആരോപണം തള്ളി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണ്. മുൻ സർക്കാരും പാർലമെന്റും പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. അതിൽ വിവേചനമില്ലെന്നും മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതാണെന്നും വിമുരളീധരൻ പറഞ്ഞു.

കേന്ദ്രം ചെയ്തത് നിയമപരമായല്ല കാര്യങ്ങളല്ല എന്നാണ് തോന്നുന്നതെങ്കിൽ എന്തുകൊണ്ടാണ് കേരളം കോടതിയെ സമീപിക്കാത്തതെന്നും മന്ത്രി ചോദിച്ചു. കോവിഡ് ഫണ്ടെന്ന നിലയിലല്ല തുക അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള അഡ്വാൻസ് എന്ന രീതിയിലാണ്. ഓരോ സംസ്ഥാനത്തിനും ഇങ്ങനെ തുക അനുവദിക്കുന്നതിൽ കൃത്യമായ മാനദണ്ഡമുണ്ട്. കേന്ദ്രം ഭരിക്കുന്നത് മറ്റൊരു പാർട്ടിയാണ് എന്നത് കൊണ്ടാണ് ഇത്തരം ആരോപണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു മുരളീധരന്റെ പ്രതികരണം.

പ്രളയകാലത്ത് വിദേശ സഹായം വാങ്ങാൻ അനുവദിക്കാത്ത കേന്ദ്രസർക്കാർ ഇപ്പോൾ വിദേശ സഹായം വാങ്ങുന്നുവെന്നാണ് മറ്റൊരു ആരോപണം വന്നിരിക്കുന്നത്. ഇതും രാഷ്ട്രീയ പ്രേരിതമാണ്. ഇത്തരം ഒരു നടപടിയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ മറിച്ചാണ് ഇവിടെ പ്രചാരണങ്ങൾ നടന്നതെന്നും വി മുരളീധരൻ പറഞ്ഞു.

Exit mobile version