പലവ്യഞ്ജനങ്ങള്‍ക്കുവേണ്ടി കോള്‍ സെന്ററിലേക്ക് വിളിച്ചു, ഫോണെടുത്തതാവട്ടെ മന്ത്രിയും, അമ്പരന്ന് വീട്ടമ്മ, ഒടുവില്‍ സംഭവിച്ചത്

കണ്ണൂര്‍: പലവ്യഞ്ജനങ്ങള്‍ക്കുവേണ്ടി കോള്‍ സെന്ററിലേക്ക് വിളിച്ച പ്രേമജ ആദ്യമൊന്നു ഞെട്ടി, പിന്നീട് അമ്പരപ്പായിരുന്നു. കാര്യം മറ്റൊന്നുമല്ല, പ്രേമജ സാധനങ്ങള്‍ വീട്ടിലെത്തിക്കാനായി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു. മറുതലയ്ക്കല്‍ സംസാരിക്കുന്നത് മന്ത്രിയാണെന്ന് അറിഞ്ഞതോടെയാണ് പ്രേമജ അമ്പരപ്പിലായത്.

കണ്ണൂര്‍ തളാപ്പ് സ്വദേശിയാണ് പ്രേമജ. അവശ്യ സാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്കാണ് പ്രേമജ വിളിച്ചത്. പലചരക്ക് സാധനങ്ങള്‍ ആവശ്യമായി വന്നതോടെ കോള്‍ സെന്റിലേക്ക് വിളിച്ച പ്രേമജയുടെ ഫോണ്‍ കോള്‍ എടുത്തത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു.

ഫോണെടുത്ത രാമചന്ദ്രന്‍ കടന്നപ്പള്ളി, മന്ത്രിയാണെന്ന് പരിചയപ്പെടുത്തി ലിസ്റ്റ് പറഞ്ഞോളൂ എന്ന് പറഞ്ഞെങ്കിലും പ്രേമജ പകച്ചുനിന്നു. പിന്നീട് സംസാരിച്ചപ്പോള്‍ അമ്പരപ്പിലായ പ്രേമജയോട് മന്ത്രി എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് ചോദിച്ചറിഞ്ഞു. സാധനങ്ങളുടെ പട്ടിക എഴുതിവച്ചശേഷം അല്പം കുശലവും പറഞ്ഞാണ് മന്ത്രി പ്രേമജയുടെ കോള്‍ അവസാനിപ്പിച്ചത്.

അവിചാരിതമായി മന്ത്രിയോട് സംസാരിച്ചതിന്റെ അമ്പരപ്പിലായിരുന്നു പ്രേമജ കുറച്ചുനേരം. ചൊവ്വാഴ്ച പകല്‍ 11 മണിയോടെയാണ് മന്ത്രി കോള്‍ സെന്ററില്‍ എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷില്‍നിന്ന് സെന്ററിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം കോളുകള്‍ സ്വീകരിക്കുന്നവരുമായി സംസാരിച്ചു. ജാതി മത ഭേദമില്ലാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി ഗാനവും ആലപിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.

Exit mobile version