കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു, സംഭവം കാസര്‍കോട്ട്; ആശങ്ക

കാസര്‍കോട്; ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ രണ്ട് വയസുള്ള കണ്ടന്‍ പൂച്ചയും 20 ദിവസം പ്രായമായ രണ്ട് പൂച്ചക്കുട്ടികളാണ് ചത്തത്.

കൊറോണ മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നതായി കണ്ടെത്തിയതോടെ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇവയുടെ ആന്തരികാവയവ സാംപിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബില്‍ ഡി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആശുപത്രിയിലെ വാര്‍ഡിലുണ്ടായിരുന്ന 5 പൂച്ചകള്‍ നിരന്തരം ശല്യപ്പെടുത്തിയതോടെ രോഗികളില്‍ ഒരാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അധികൃതരെത്തി ആുപത്രിയില്‍ നിന്ന് 5 പൂച്ചകളെയും ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റി. രണ്ടു പൂച്ചകള്‍ ദിവസങ്ങള്‍ക്കകം ചത്തു.

ഇവയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു. പിന്നീട് ചത്ത മൂന്നു പൂച്ചകളെയും കാഞ്ഞങ്ങാട് ലാബില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. അതിനിടെയാണ് കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് പടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

തുടര്‍ന്നാണ് പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ പൂച്ചകള്‍ക്ക് കൊറോണ ഇല്ലെന്നാണ് സൂചന. എന്നാലും സൂക്ഷ്മ പരിശോധനയിലൂടെ ഇത് ഉറപ്പു വരുത്താനാണ് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറെ ഇക്കാര്യം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഭോപ്പാലിലുള്ള നാഷനല്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് അയയ്ക്കും.

Exit mobile version