ഏപ്രിൽ 15 മുതൽ ലോക്ക് ഡൗൺ മൂന്ന് ഘട്ടങ്ങളായി പിൻവലിക്കണം; രോഗവ്യാപനം ഉണ്ടായാൽ നിയന്ത്രണം കടുപ്പിക്കണം: കർമ്മസമിതി റിപ്പോർട്ട് ഇങ്ങനെ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ ലോക്ക് ഡൗൺ പിൻവലിക്കുന്നതിനുള്ള വിശദമായ മാർഗരേഖ സംസ്ഥാന സർക്കാരിന്റെ കർമ്മ സമിതിയുടെ റിപ്പോർട്ടിൽ. ഏപ്രിൽ 15 മുതൽ മൂന്നു ഘട്ടമായി ലോക്ഡൗൺ പിൻവലിക്കണമെന്നാണു സമിതിയുടെ ശുപാർശ.

ഓരോ ദിവസത്തെയും കൊറോണ കേസുകളും വ്യാപന രീതികളുമാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ മാറ്റങ്ങൾക്കുള്ള അടിസ്ഥാന മാനദണ്ഡം. രോഗവ്യാപനം കൂടിയാൽ ഉടൻ നിയന്ത്രണം കടുപ്പിക്കണമെന്നും ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. വിദഗ്ധ സമിതി നിർദേശം മന്ത്രിസഭാ യോഗം നാളെ ചർച്ച ചെയ്യും.

ഒരാഴ്ച കൂടി കഴിഞ്ഞാൽ ലോക്ക് ഡൗൺ എങ്ങനെ പരിഗണിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. അന്തിമ തീരുമാനം കേരളം നാളെ കേന്ദ്രസർക്കാരിനെ അറിയിക്കും. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിർദേശങ്ങളിലുള്ളത്. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളായാണു നിയന്ത്രണങ്ങൾ പിൻവലിക്കുക.

ഒന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ: പുറത്തിറങ്ങണം എങ്കിൽ മുഖാവരണം വേണം, ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വേണം, യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം, തുറക്കുന്ന സ്ഥാപനങ്ങളിൽ സാനിറ്റൈസേഷൻ സംവിധാനം വേണം, നിയമപരമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം, ഒരാൾക്കു മാത്രമേ ഒരു വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവാദമുള്ളൂ.

മൂന്ന് മണിക്കൂർ മാത്രമായിരിക്കും പുറത്തുപോകാൻ അനുവദിക്കുന്ന സമയം, 65 വയസ്സിനു മുകളിലുള്ളവർ പുറത്തിറങ്ങരുത്, ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും പുറത്തിറങ്ങരുത്, വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കും, ഞായറാഴ്ചകളിൽ കടുത്ത വാഹന നിയന്ത്രണം, 5 പേരിൽ കൂടുതൽ ഒരാവശ്യത്തിന് ഒത്തുചേരരുത്, മതപരമായ ചടങ്ങുകൾക്കും കൂട്ടം കൂടരുത്, ബാങ്കുകൾക്കു സാധാരണ പ്രവൃത്തി സമയം.

രണ്ടാം ഘട്ട നിയന്ത്രണങ്ങൾ: 14 ദിവസത്തിനുള്ളിൽ ഒരു പുതിയ കേസുപോലും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തിൽ കൂടരുത്. ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ലെന്നും രണ്ടാം ഘട്ടത്തിൽ നിർദേശമുണ്ട്.

മൂന്നാം ഘട്ടത്തിനുള്ള മാർഗ രേഖ ഇങ്ങനെ: 14 ദിവസത്തിനിടെ ഒരു കോവിഡ് കേസും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയാകണം. സംസ്ഥാനത്തെവിടെയും ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ല.

Exit mobile version