കുന്നംകുളത്തെ വിറപ്പിക്കുന്ന അജ്ഞാതനെന്ന് വ്യാജപ്രചാരണം; വീട്ടിൽ നിന്ന് ഇറക്കി വിട്ട് ഉമ്മയും; നാട്ടുകാരുടെ ഒറ്റപ്പെടുത്തലും പരിഹാസവും; നോവായി മഞ്ചേരിയിലെ ഈ യുവാവ്

മഞ്ചേരി: കുന്നംകുളത്തും കോഴിക്കോടും ഭീതിപ്പെടുത്തുന്ന അജ്ഞാതൻ പ്രത്യക്ഷപ്പെട്ടെന്ന പ്രചാരണം ആരംഭിച്ചിട്ട് കുറേ ദിവസങ്ങളായി. ഇത് വ്യാജമാണെന്ന് പിന്നീട് പോലീസ് തന്നെ സ്ഥിരീകരിച്ചെങ്കിലും വ്യാജ വാർത്തയുടെ പാർശ്വഫലങ്ങൾ വിശ്വസിക്കാവുന്നതിനും അപ്പുറമാണ്. ഇതിനിടെ, സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായത് കുന്നംകുളത്തെ അജ്ഞാത രൂപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു ചിത്രമായിരുന്നു. ഏഴടിപ്പൊക്കമുള്ള അജ്ഞാത രൂപം എന്നപേരിൽ ആരോ പടച്ചുവിട്ട പോസ്റ്റിലുള്ളതാകട്ടെ മഞ്ചേരിക്കാരൻ ബനാത്ത് പുല്ലാരയുടെ ചിത്രവും.

രാജ്യാന്തര വടംവലി മൽസരങ്ങളിലെ താരമാണ് മലപ്പുറം മഞ്ചേരി സ്വദേശി ബനാത്ത് പുല്ലാര. സംസ്ഥാനത്തെ പ്രമുഖ വടംവലി ക്ലബായ ആഹാ ഫ്രണ്ട്‌സ് എടപ്പാളിന്റെ പ്രധാന താരമാണ് ബനാത്ത്. മത്സരത്തിനു മുന്നോടിയായി മത്സരാർത്ഥിയുടെ തൂക്കം കുറക്കുന്നതിന്റെ ഭാഗമായി കാറിന്റെ ഹീറ്റർ ഓൺ ചെയ്ത് ബനാത്ത് ശരീരം ചൂടാക്കുന്നതിന്റെ ചിത്രമാണ് അജ്ഞാതരൂപം പിടിയിലായെന്ന പേരിൽ പ്രചരിപ്പിച്ചത്.

വടംവലി താരമായ ബനാത്തിന്റെ ചിത്രം ആരോ കുസൃതിക്കായി പ്രചരിപ്പിച്ച് തുടങ്ങിയതാണെങ്കിലും ഇതോടെ ജീവിതം തന്നെ കൈവിട്ട അവസ്ഥയിലേക്ക് ഈ യുവാവ് എത്തിയിരിക്കുകയാണ്. സോഷ്യൽമീഡിയ അറിഞ്ഞോ അറിയാതെയോ ഒരു യുവാവിന്റെ ജീവിതമാണ് തകർത്തിരിക്കുന്നത്. കുന്നംകുളത്തും മറ്റും അർധരാത്രി പ്രത്യക്ഷപ്പെട്ട ഭീതി പരത്തുന്ന ഏഴടിപ്പൊക്കമുള്ള രൂപം ബനാത്തിന്റേതാണെന്ന പ്രചാരണം ശക്തമായതോടെ നാട്ടിലും വീട്ടിലും ഇയാൾ ഒറ്റപ്പെട്ടു. വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ഉമ്മ പറയുകയും ചെയ്തു. നാട്ടുകാരാകട്ടെ പരിഹാസവും ക്രൂരമായ ഒറ്റപ്പെടുത്തലും കൊണ്ട് മറ്റൊരു ഭാഗത്തും.

നാട്ടുകാരിൽ പലരും കള്ളനോടെന്ന പോലെയാണ് പെരുമാറുന്നതെന്ന് ബനാത്ത് പറയുന്നു. വടംവലി മത്സരത്തിന്റെ ഭാഗമായി നാലും അഞ്ചും ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കാറുണ്ട്. ഈ യാത്രകൾ മോഷണത്തിനു വേണ്ടിയാണോ എന്നുചോദിച്ച് കളിയാക്കിയവരും നാട്ടുകാരുടെ കൂട്ടത്തിലുണ്ടെന്ന് ബനാത്ത് സങ്കടത്തോടെ പറയുന്നു.

ഒരു വടംവലി മത്സരത്തിൽ പങ്കെടുക്കാൻ കുവൈറ്റിലേക്ക് പോകാനിരിക്കെയാണ് ലോക്ഡൗണും കൊറോണ വ്യാപനവും ഉണ്ടായത്. രണ്ടു സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ഈ വടംവലി താരത്തിന് കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആരാധകരുമുണ്ട്. എന്നിട്ടും രൂപത്തിന്റെ പേരിൽ മാറ്റി നിർത്തുകയും വ്യാജപ്രചാരണം അഴിച്ചുവിടുകയുമാണ് ഒരു കൂട്ടർ. സോഷ്യൽമീഡിയയുടെ ഈ ക്രൂരത കേരളത്തിന് ഒട്ടാകെ തന്നെ അപമാനമാവുകയാണ്.

Exit mobile version