കൊവിഡ് 19; കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഡല്‍ഹിയിലെ തബ്ലീഗി ജമാഅത്ത് മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാളുടെ റൂട്ട് മാപ്പ് ആണ് ഇന്ന് പുറത്തുവിട്ടത്. മാര്‍ച്ച് 22ന് നവയുഗ് എക്സ്പ്രസില്‍ കോഴിക്കോട് എത്തിയ ആളുടെ റൂട്ട് മാപ്പാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.

ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം ഇയാള്‍ 20-03-2020ന് ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് ഉച്ചക്ക് 2.45 ന് പുറപ്പെട്ട നവയുഗ് എക്സ്പ്രസില്‍ (16688) എസ്4 കോച്ചിലാണ് യാത്ര ചെയ്തത്. 22-03-2020 ന് വൈകുന്നേരം 6.30 നാണ് ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

തുടര്‍ന്ന് ഇവിടെ നിന്ന് കൂടെ യാത്ര ചെയ്ത സഹയാത്രികന്റെ സുഹൃത്തിന്റെ വണ്ടിയില്‍ പയ്യാനക്കല്‍ അല്‍ ഫലാഹ് മസ്ജിദില്‍ എത്തി. നിസ്‌കാരത്തിനും വിശ്രമത്തിനും ശേഷം കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച ട്രെയിനിലെ മറ്റൊരു സഹയാത്രികനോടൊപ്പം 23.03.2020ന് പുലര്‍ച്ചെ 1.30ന് വീട്ടിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ച് വീടിന് അടുത്തുള്ള നിസ്‌കാരമുറിയില്‍ നിന്ന് രാവിലത്തെ നിസ്‌കാരത്തിന് ശേഷമാണ് ഇയാള്‍ വീട്ടില്‍ എത്തിയത്. ഏപ്രില്‍ മൂന്നാം തീയ്യതി നടത്തിയ പരിശോധനയ്ക്ക് ശേഷം ഇയാള്‍ക്ക് ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഉച്ചക്ക് 3.30 ഓടെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

Exit mobile version