ലോക്ക് ഡൗണിനിടെ മാര്‍ക്കറ്റുകളിലെത്തുന്നവയില്‍ ഏറെയും പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍, പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ അഴുകിയ 1375 കിലോഗ്രാം കേര പിടികൂടി

പത്തനംതിട്ട: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ക്കറ്റുകളില്‍ പഴകിയ മീനുകളും വില്‍പ്പനയ്ക്കായി എത്തുന്നത് പതിവാകുന്നു. നിരവധി സ്ഥലങ്ങളില്‍ നിന്നാണ് മാസങ്ങളോളം പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍ അധികൃതര്‍ പിടികൂടിയത്. അത്തരത്തില്‍ വീണ്ടും വില്‍പ്പന നടത്തുന്നതിനിടെ അഴുകിയ മത്സ്യം പിടികൂടിയിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

ഏനാത്ത് മണ്ണടി ചന്തയ്ക്കു സമീപം പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ അഴുകിയ മത്സ്യമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. പാകിസ്താന്‍ മുക്ക് പള്ളി വടക്കേതില്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ്. ഷൈന്‍ മനസിലില്‍ ബദറുദ്ദീനാണ് പഴകിയ 1375 കിലോഗ്രാം വരുന്ന കേരച്ചൂര ഇനത്തില്‍പ്പെട്ട മീന്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്.

അഴുകിയ മത്സ്യം വില്ക്കുന്നതായി ജില്ലാ പോലീസ് മേധാവി കെജി സൈമണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശാനുസരണം ഷാഡോ പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുക്കാന്‍ സഹായിച്ചത്.

പിന്നീട് അഴുകി ചീഞ്ഞ നിലയിലായിരുന്ന മീന്‍ ഭക്ഷ്യസുരക്ഷാ ഓഫീസറും ആരോഗ്യവകുപ്പ് അധികൃതരും പിടിച്ചെടുത്തു നശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെയും വില്ലേജ് ഓഫീസറുടെയും സാന്നിധ്യത്തിലായിരുന്നു നടപടി സ്വീകരിച്ചത്.

ഏനാത്ത് എസ്‌ഐ വിപിന്റെ നേതൃത്വത്തില്‍ വാഹനം സ്റ്റേഷനിലേക്ക് മാറ്റി. വാഹന ഉടമയുടെയും മത്സ്യ വ്യാപാരിയുടെയും പേരില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഏറെ നാളുകളായി ജില്ലാ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.

Exit mobile version