അഴിമതി: ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്.

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. പോര്‍ട്ട് ഡയറക്ടറായിരുന്ന കാലത്ത് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. നിലവില്‍ സസ്പെന്‍ഷനിലാണ് ഡിജിപി.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായി ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ക്രമക്കേടില്ലെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തിയത്. പക്ഷേ അന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആയിരുന്നു.

തുടര്‍ന്ന് ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്എം വിജയാനന്ദ് ശുപാര്‍ശ ചെയ്യുകയായിരുന്നു. കണ്ണൂരിലെ രാജീവ്ഗാന്ധി കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സത്യന്‍ നരവൂര്‍ 2016 ഒക്ടോബര്‍ 21ന് ധനകാര്യപരിശോധനാ വിഭാഗത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.

നേരത്തെ ജേക്കബ് തോമസിന്റെ ഭൂമി കണ്ടുകെട്ടിയിരുന്നു. തമിഴ്‌നാട്ടിലെ വിതുരനഗറിലുള്ള ഭൂമിയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി ഇടപാടിലൂടെ ഭൂമി സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. 50.33 ഏക്കര്‍ ഭൂമിയാണ് കണ്ടുകെട്ടിയത്.

Exit mobile version