മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ യുവതി സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ തടഞ്ഞ് കേരളാ പോലീസ്; രാത്രി കഴിച്ചുകൂട്ടിയത് കൊടുംവനത്തിൽ; സഹായത്തിനായി കേണ് തൃശ്ശൂരിലെ ദമ്പതികൾ

വയനാട്: മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ തൃശ്ശൂർ സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നിന്നും കടത്തിവിടാതെ കേരളാ പോലീസ്. ലോക്ക്ഡൗണിന്റെ ഭാഗമായി കർണാടക എല്ലാ അതിർത്തികളും അടച്ചതോടെയാണ് തൃശ്ശൂർ ഗുരുവായൂർ സ്വദേശികളായ ഉസ്മാൻ ഷെയ്ഖും ഭാര്യയും ആംബുലൻസിൽ കൊടും വനത്തിൽ ഒറ്റപ്പെട്ടത്.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് മുംബൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയതായിരുന്നു ഇരുവരും. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തന്നെ തിരിച്ചുപോയി. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ നാട്ടിലേക്ക് തിരിക്കാനിരുന്ന ഫ്‌ളൈറ്റ് റദ്ദാക്കി. ഭക്ഷണവും കുടിവെള്ളവും വരെ കിട്ടാത്ത അവസ്ഥയിൽ ഹോട്ടലിൽ പെട്ടുപോയതോടെയാണ് ആംബുലൻസിൽ അവശനിലയിലായ ഭാര്യയേയും കൂട്ടി ഉസ്മാൻ ഷെയ്ഖ് നാട്ടിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച ഗുണ്ടൽപ്പെട്ട അതിർത്തിയിലെത്തിയ ആംബുലൻസ് പോലീസ് തടഞ്ഞിടുകയായിരുന്നു. കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിച്ചതോടെ രാത്രി കൊടുംവനത്തിൽ കഴിച്ചുകൂട്ടേണ്ടിയും വന്നു. അതിർത്തിയിൽ വെച്ച് പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും ദമ്പതികൾ പറയുന്നു. കർണാടക പോലീസ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും ആംബുലൻസ് കടത്തിവിടാൻ തയ്യാറായിട്ടും കേരളാ പോലീസ് ഇതുവരെ അനുമതി നൽകാതെ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്.

നിരവധി തവണ സഹായം അഭ്യർത്ഥിച്ചിട്ടും കേരളത്തിലേക്ക് ഇവരെ കടത്തിവിടാൻ പോലീസ് തയ്യാറാകാതെ വന്നതോടെ യുവതിയെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട് അതിർത്തിയിലായതിനാൽ തന്നെ ജില്ലാ പോലീസ് മേധാവിയായ ആർ ഇളങ്കോ ഐപിഎസും ദമ്പതികളെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. സഹായം അഭ്യർത്ഥിച്ചതോടെ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു പോലീസ് മേധാവിയും. തത്കാലം സമീപത്തെ ഹോട്ടലുകളിലോ മറ്റോ താമസിക്കാനും കേരളത്തിലേക്ക് കടത്തിവിടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ, സമീപത്തെ ഹോട്ടലിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും അവിടെ നിന്നും വളരെ മോശം അനുഭവം നേരിട്ടതോടെ ആംബുലൻസിൽ തന്നെ ദമ്പതികൾ തുടരുകയും പിന്നീട് ആശുപത്രിയിലേക്ക് മാറുകയുമായിരുന്നു. കേരളാ പോലീസ് നിരുത്തരവാദപരമായി പെരുമാറുമ്പോൾ കർണാടകയിലെ ഗുണ്ടൽപ്പെട്ട അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥയാണ് ഇവർക്കുള്ള സഹായം നൽകിയത്.

ഇത്രയേറെ സമയം കഴിഞ്ഞിട്ടും ഇവരെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ അറിയിക്കുകയോ വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണം ലഭിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനോടക്കം ട്വിറ്ററിലൂടെ ദമ്പതികൾ സഹായമഭ്യർത്ഥിച്ചിട്ടുണ്ട്.

Exit mobile version