കൊവിഡ് 19; രോഗികളുടെ വാര്‍ഡിലുണ്ടായിരുന്ന പൂച്ചകളും നിരീക്ഷണത്തില്‍

കാസര്‍കോട്: പൂച്ചകളും കൊവിഡ് നീരീക്ഷണത്തില്‍. കാസര്‍കോട് ജില്ലയിലാണ് സംഭവം. ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന 2 കണ്ടന്‍ പൂച്ചയും, ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് നിരീക്ഷണത്തിലുള്ളത്. നഗരസഭ, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പൂച്ചകളെ പിടികൂടിയത്.

ആശുപത്രിയിലെ കൊവിഡ് രോഗികളെ പാര്‍പ്പിച്ച കെട്ടിടത്തില്‍ പരാക്രമം നടത്തുന്ന പൂച്ചകളുടെ ദൃശ്യങ്ങള്‍ ഒരു രോഗി തന്റെ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. നിരീക്ഷണത്തിലുള്ള രോഗികളുടെ പരാതിയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി നിരീക്ഷണത്തിലാക്കുകയായിരുന്നു.

വെറ്റിനറി സര്‍ജന്മാരായ ഡോ ഫാബിന്‍ പൈലി, ഡോ അശ്വിന്‍ എന്നിവര്‍ അടങ്ങിയ സംഘം പൂച്ചകളെ പരിശോധിച്ചു. കോവിഡ് പ്രതിരോധ വസ്ത്രം ഉള്‍പ്പെടെ ധരിച്ചാണ് ഇവര്‍ പൂച്ചകളെ പരിശോധിച്ചത്. നിലവില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ എംബസി കേന്ദ്രത്തിലാണ് പൂച്ചകളുള്ളത്. ഇവിടെ ബംഗാള്‍ സ്വദേശികളായ പട്ടിപിടുത്തക്കാരാണ് പൂച്ചകളെ നോക്കുന്നത്. പാലും ഭക്ഷണവും പൂച്ചകള്‍ക്ക് നല്കുന്നുണ്ട്.

Exit mobile version