87 ലക്ഷം കുടുംബങ്ങള്‍ക്ക് 15 കിലോ ഭക്ഷ്യധാന്യം, സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; റേഷന്‍ വാങ്ങാന്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് അടുത്ത മാസം ആദ്യം മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. 87 ലക്ഷം കുടുംബങ്ങള്‍ക്ക് 1600 ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുകയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ 20 ന് മുന്‍പ് 15 കിലോ സൗജന്യ ഭക്ഷ്യധാന്യം വാങ്ങണം. അത് കഴിഞ്ഞാല്‍ കേന്ദ്രത്തിന്റെ വാഗ്ദാനപ്രകാരമുള്ള ഭക്ഷ്യധാന്യം എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

എന്നാല്‍ കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് സര്‍ക്കാരിന് തിരികെ നല്കാം. ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം ചെയ്ത് തുടങ്ങും. രാവിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ വിതരണം നടത്തും. റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അതാത് കുടുംബത്തിലെ മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്കിയാല്‍ റേഷന്‍ ലഭിക്കും.

റേഷന്‍ വാങ്ങാന്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തു നല്കും. അതേസമയം റേഷന്‍ വാങ്ങാന്‍ എത്തുന്നവരില്‍ അഞ്ച് പേര്‍ മാത്രമേ റേഷന്‍ കടക്ക് മുന്‍പില്‍ ഉണ്ടാകാന്‍ പാടുള്ളു. ഇവര്‍ ശാരീരിക അകലം പാലിക്കണമെന്നും ജനങ്ങളെ നിയന്ത്രിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരോ ജനപ്രതിനിധികളോ സഹായിക്കണമെന്നും മന്ത്രി അറിയിച്ചു.

Exit mobile version