വിവാഹ വാര്‍ഷികാഘോഷത്തിനു ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയ യുവാവിന് ട്രെയിനില്‍ നിന്നും വീണ് ദാരുണാന്ത്യം; ഭര്‍ത്താവ് മരിച്ചതറിയാതെ യാത്ര തുടര്‍ന്ന് ഭാര്യ; ഒടുവില്‍ തിരിച്ചറിഞ്ഞത് കിലോമീറ്ററുകള്‍ പിന്നിട്ട ശേഷം

ഏറെ സമയം കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചുവരാത്തതിനാല്‍ മറ്റു കോച്ചുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

കാസര്‍കോട്: വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് ഭാര്യയോടൊപ്പം ജോലിസ്ഥലത്തേക്ക് മടങ്ങിയ ഭര്‍ത്താവ് ട്രെയിനില്‍ നിന്നും വീണു മരിച്ചു. ട്രെയിന്‍ കിലോമീറ്ററുകള്‍ പിന്നിട്ട ശേഷമാണ് കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ തന്റെ പ്രിയതമന്‍ എന്നന്നേക്കും യാത്രയായത് തിരിച്ചറിഞ്ഞത്. തൃശൂര്‍ വെങ്കിടങ്ങ് തോയകാവ് ഇറച്ചേം വീട്ടില്‍ ഇകെ മുഹമ്മദലി (24) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറായ മുഹമ്മദലി ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം തിങ്കളാഴ്ച രാത്രി തിരുവനന്തപുരം-നേത്രാവതി എക്‌സ്പ്രസില്‍ എസ്-3 സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെ കളനാട് തുരങ്കത്തിനടുത്താണ് അപകടം.

സീറ്റില്‍ നിന്നു കൈ കഴുകാനായി വാഷ്‌ബോസിനടുത്തേക്ക് പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചുവരാത്തതിനാല്‍ മറ്റു കോച്ചുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നു കങ്കനാടി ജംക്ഷനിലെത്തിയപ്പോഴാണ് ട്രെയിനില്‍ നിന്നു ഒരാള്‍ വീണ വിവരം സ്റ്റേഷനില്‍ നിന്ന് അറിഞ്ഞത്.

രാത്രിയോടെ താഹിറ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം കണ്ടപ്പോഴാണ് മരിച്ചത് മുഹമ്മദലിയാണെന്നു തിരിച്ചറിഞ്ഞത്. 2017 നവംബര്‍ 26 നായിരുന്നു മുഹമ്മദലിയുടെയും താഹിറയുടെയും വിവാഹം. വിവാഹവാര്‍ഷികം ആയതോടെ ഇതു ആഘോഷിക്കാനാണ് ഇരുവരും ഒരു മാസം മുന്‍പ് തൃശ്ശൂരിലെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. മുംബൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അബ്ദുല്‍ഖാദറിന്റെയും ഭാനുവിന്റെയും മകനാണ് മുഹമ്മദലി. സഹോദരങ്ങള്‍: റിഹാന്‍, യാസിന്‍, ഷാനാസ്.

Exit mobile version