നാട്ടിൽ പോകാൻ സഹായിക്കാൻ പറ്റില്ല; ഭക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കാം; റോഡിലിറങ്ങിയ അതിഥി തൊഴിലാളികളോട് കളക്ടർ

പായിപ്പാട്: സംസ്ഥാനത്തെ കൊറോണയുടെ സാഹചര്യത്തിൽ പ്രഖ്യാപിച്ച കർഫ്യൂവും ലോക്ക്ഡൗണും ലംഘിച്ച് റോഡിലിറങ്ങിയ അതിഥി തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കുമെന്ന് ജില്ലാ കളക്ടർ പികെ സുധീർ ബാബു. തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി ഇല്ലെന്നും എന്നാൽ നാട്ടിൽ പോകാൻ സൗകര്യമൊരുക്കാൻ ഇപ്പോൾ സാധിക്കില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഡൽഹിയിലും മറ്റും തൊഴിലാളികളെ നാട്ടിലേയ്ക്ക് അയയ്ക്കാൻ സൗകര്യമൊരുക്കുന്നതായുള്ള വാർത്ത അറിഞ്ഞാണ് തങ്ങൾക്കും അപ്രകാരം സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ രംഗത്തിറങ്ങിയതെന്നാണ് കരുതുന്നതെന്നും കളക്ടർ പറഞ്ഞു.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രശ്‌നങ്ങളൊന്നും അവർ പറഞ്ഞിട്ടില്ല. നാട്ടിൽ പോകാൻ സൗകര്യമൊരുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സർക്കാർ നിർദേശമനുസരിച്ച് അവരെ എവിടേയ്ക്കും പറഞ്ഞയയ്ക്കാൻ സാധിക്കില്ല. നിലവിൽ ഉള്ള സ്ഥലത്ത് സ്ഥലപരിമിതിയുണ്ടെങ്കിൽ അവരെ താമസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം നിലവിൽ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളെ താമസിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. എന്നാൽ അത്തരം കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.

എന്നാൽ അവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. ഭക്ഷണം, താമസിക്കാനുള്ള സൗകര്യം തുടങ്ങിയവയൊക്കെ നൽകേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു.

Exit mobile version