‘ബോറിസ് ജോൺസണ് കോവിഡ് ബാധിച്ചതോടെ ഭരണം ഇന്ത്യക്കാരുടെ കൈയ്യിൽ’; ബ്രിട്ടണിലെ ഇന്ത്യക്കാരുടെ അരക്ഷിതാവസ്ഥ ആഘോഷമാക്കുന്നവരോട് പൊട്ടിത്തെറിച്ച് സിന്ധു ജോയ്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ ഭരണം ഇന്ത്യൻ വംശജരുടെ കൈകളിൽ എത്തിയെന്ന് ആഘോഷിക്കുന്ന സോഷ്യൽമീഡിയയോട് അപേക്ഷയും ഉപദേശവുമായി സിന്ധു ജോയ് സാന്റിമോൻ. ബ്രിട്ടണിൽ വിവാഹശേഷം താമസമാക്കിയ സിന്ധു ജോയ് ആ രാജ്യം കൊറോണയുടെ പശ്ചാത്തലത്തിൽ എത്രമാത്രം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുന്നു. പ്രധാനമന്ത്രി കിടപ്പിലായതോടെ ചാൻസലറായി ഋഷി സുനാകും ആഭ്യന്തരമന്ത്രിയായി പ്രീതി പട്ടേലും ഭരണം ഏറ്റെടുത്തെന്നും ഇത് സാമ്രാജ്യത്വത്തോടുള്ള മധുരപ്രതികാരമാണെന്നും സോഷ്യൽമീഡിയയിലൂടെ ആഘോഷിക്കുകയാണ് ചിലർ.

എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുരുതരാവസ്ഥയിൽ എത്തിയാൽ ഭരണഘടനാപരമായ ചുമതലകൾ ലഭിക്കുന്നത് ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണെന്നു മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്ന് സിന്ധു ജോയ് തിരുത്തുന്നു. ഒരു രാജ്യത്തെ പ്രധാനമന്ത്രിയും കിരീടാവകാശിയും ആരോഗ്യമന്ത്രിയുമൊക്കെ രോഗബാധിതരായിരിക്കെ അവിടുത്തെ സാധാരണക്കാരുടെ അവസ്ഥ എത്രത്തോളം അപകടകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ബ്രിട്ടനിലെ ഇന്ത്യക്കാർ ഒട്ടും സുരക്ഷിതരല്ലെന്ന് മനസിലാക്കുന്നുണ്ടോ? വീട്ടിനുള്ളിൽ അടച്ചിരിക്കാനും ടിവിയും സോഷ്യൽ മീഡിയയും ആസ്വദിക്കാനും കഴിയുന്ന അവസ്ഥയിലല്ല ഇവിടുത്തെ മലയാളികൾ; പ്രത്യേകിച്ചും ആതുരശുശ്രൂഷാ മേഖലയിൽ തൊഴിലെടുക്കുന്ന പതിനായിരങ്ങൾ. അവരുടെയുള്ളിൽ തീയാണ്; തങ്ങളുടെ വീട്ടിനുള്ളിൽ ഈ മഹാരോഗം എപ്പോഴും കടന്നെത്തിയേക്കാം എന്ന ഭയത്തിലാണ് അവർ. അതുകൊണ്ട് ദയവായി വിഷയത്തിന്റെ ഗൗരവം മനസിലാക്കി പ്രതികരിക്കൂവെന്ന് സിന്ധു ജോയ് അപേക്ഷിക്കുന്നു.

സിന്ധു ജോയ് സാന്റിമോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രോഗബാധിതനായി കിടപ്പിലായെന്നും ഭരണം ഇപ്പോൾ ഇന്ത്യൻ വംശരുടെ കരങ്ങളിൽ എത്തിയെന്നും ചാൻസലർ ഋഷി സുനാകും ആഭ്യന്തര മന്ത്രി പ്രീതി പട്ടേലുമാണ് ഇപ്പോൾ ഭരണം കയ്യാളുന്നതെന്നും സാമ്രാജ്യത്വത്തോടുള്ള മധുരപ്രതികരമാണിതെന്നും സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ കണ്ടു. പ്രീതിയുടെയും ഋഷിയുടെയും ഭരണത്തിലും നേട്ടങ്ങളിലും ബ്രിട്ടനിലെ ഇന്ത്യക്കാരായ ഞങ്ങൾ അഭിമാനിക്കുന്നുണ്ട്. എന്നാൽ മഹാമാരിയിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് ജനതയുടെ യഥാർത്ഥ അവസ്ഥ മനസിലാക്കാതെയുള്ള ഇത്തരം പോസ്റ്റുകൾ അത്യന്തം പ്രതിഷേധാർഹമാണ്.
യാഥാർഥ്യം മറ്റൊന്നാണ്; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുരുതരാവസ്ഥയിൽ എത്തിയാൽ ഭരണഘടനാപരമായ ചുമതലകൾ ലഭിക്കുന്നത് ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണെന്നു മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ട്.
ഒരു രാജ്യത്തെ പ്രധാനമന്ത്രിയും കിരീടാവകാശിയും ആരോഗ്യമന്ത്രിയുമൊക്കെ രോഗബാധിതരായിരിക്കെ അവിടുത്തെ സാധാരണക്കാരുടെ അവസ്ഥ എത്രത്തോളം അപകടകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ബ്രിട്ടനിലെ ഇന്ത്യക്കാർ ഒട്ടും സുരക്ഷിതരല്ലെന്ന് മനസിലാക്കുന്നുണ്ടോ? വീട്ടിനുള്ളിൽ അടച്ചിരിക്കാനും ടിവിയും സോഷ്യൽ മീഡിയയും ആസ്വദിക്കാനും കഴിയുന്ന അവസ്ഥയിലല്ല ഇവിടുത്തെ മലയാളികൾ; പ്രത്യേകിച്ചും ആതുരശുശ്രൂഷാ മേഖലയിൽ തൊഴിലെടുക്കുന്ന പതിനായിരങ്ങൾ. അവരുടെയുള്ളിൽ തീയാണ്; തങ്ങളുടെ വീട്ടിനുള്ളിൽ ഈ മഹാരോഗം എപ്പോഴും കടന്നെത്തിയേക്കാം എന്ന ഭയത്തിലാണ് അവർ.
കേരളത്തിലെ ഗവൺമെന്റ് ഒരുക്കിത്തന്നിരിക്കുന്ന സുരക്ഷിതത്വത്തിന്റെയും മുൻകരുതലിന്റെയും നടുവിൽ സ്വന്തം വീട്ടിലിരുന്ന് നിങ്ങൾക്ക് പരിഹാസ പോസ്റ്റുകളും ട്രോളുകളും ഇറക്കാം. പക്ഷേ, ഞങ്ങൾക്ക് അത് ആസ്വദിക്കാൻ കഴിയില്ല. കാരണം, ഞങ്ങൾ ജീവിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയുടെയും മറ്റു ഭരണാധികാരികളുടെയും ആരോഗ്യവും ജീവനും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തേണ്ടിവരുന്ന മലയാളി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഇതര ആരോഗ്യ പ്രവർത്തകരുടെയും ഭാവി ഞങ്ങളെ ആശങ്കാകുലരാക്കുന്നു.
അതുകൊണ്ട്, തൊഴുകൈകളോടെ അപേക്ഷിക്കട്ടെ; സാഹചര്യങ്ങളുടെ ഗൗരവം മനസിലാക്കുക. ഇത്തരം പോസ്റ്റുകൾ ഇടാനുള്ള സമയമല്ല ഇത്.

Exit mobile version