എന്റെ രോഗത്തേക്കാൾ വേദനയും ദുഃഖവും ആളുകളോട് ഇടപഴകേണ്ടി വന്നതിൽ; സമ്പർക്കം പുലർത്തിയ എല്ലാവരും മുൻകരുതലെടുക്കണം: ആവശ്യപ്പെട്ട് തൊടുപുഴയിലെ കോവിഡ് രോഗി

തൊടുപുഴ: കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച തൊടുപുഴയിലെ പൊതുപ്രവർത്തകന് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാവരും വലിയ ആശങ്കയിലായിരിക്കുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുകയും നിരവധിയാളുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത പൊതുപ്രവർത്തകന് കൊറോണ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വലിയ ജാഗ്രത കുറവാണ് കാണിച്ചതെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ഇക്കാര്യത്തിൽ വലിയ മനോവേദനയുണ്ടെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ കോവിഡ് രോഗി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാൾ ഉപരി പൊതുപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവിൽ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകൾ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുൻകരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു. ഞാൻ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങൾക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്.

പലപ്പോഴും ദിവസം 150-200 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവർത്തകനെന്ന നിലയിൽ എന്നെ സ്‌നേഹിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകൾ ഇതിലുൾപ്പെടുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ഒരിക്കൽകൂടി അഭ്യർഥിക്കുന്നു.

Exit mobile version