വിടപറഞ്ഞ പോലീസുകാരനെ അവസാനമായി ഒരു നോക്ക് കാണാനാകാതെ സഹപ്രവർത്തകർ; ലോക്ക് ഡൗണിനിടെ ഗാർഡ് ഓഫ് ഓണർ പോലും നൽകാനാകാതെ അന്ത്യാഞ്ജലി

കോഴിക്കോട്: അകാലത്തിൽ പിരിഞ്ഞുപോയ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്ക് കാണാനോ അന്ത്യാഞ്ജലി അർപ്പിക്കാനോ സാധിക്കാതെ പോയ സഹ്കടത്തിലാണ് കോഴിക്കോട്ടെ ഈ പോലീസുകാർ. വാഹനാപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ച കസബ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ പേരാമ്പ്ര കരുവണ്ണൂർ പൈതോത്ത് മറയത്തുംകണ്ടി സലീഷിന് അന്തിമോപചാരം അർപ്പിക്കാനാണ് സഹപ്രവർത്തകർക്ക് കഴിയാതെ പോയത്.

കൊറോണ പ്രതിരോധ പ്രവർത്തനത്തോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ശവസംസ്‌കാരച്ചടങ്ങിൽ ഒത്തുചേരാനോ ഗാർഡ് ഓഫ് ഓണർ നൽകാനോ കഴിഞ്ഞില്ല. അവസാനം വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്തസ്ഥലങ്ങളിലായി നിശ്ചിത അകലം പാലിച്ച് അന്തിമോപചാരം അർപ്പിച്ച് അവർ പിരിയുകയായിരുന്നു.

കണ്ണൂർ റെയിഞ്ച് ഡിഐ ജികെ സേതുരാമൻ, നാദാപുരം എഎസ്പി അങ്കിത് അശോകൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിപി പവിത്രൻ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ഖജാൻജി വികെ വിനോദ്, സിറ്റി പോലീസ് മേധാവി എവി ജോർജ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

സഹപ്രവർത്തകരുടെ പ്രയാസം ഉൾക്കൊണ്ടുതന്നെയാണ് സിറ്റി പോലീസിന് ഇത്തരമൊരു രീതി സ്വീകരിക്കേണ്ടിവന്നതെന്ന് എവി ജോർജ് പിന്നീട് പ്രതികരിച്ചു. കൊറോണ ഭീതി കഴിഞ്ഞാൽ പോലീസ് ക്ലബ്ബിൽ അനുശോചനയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version