‘പ്രഖ്യാപനമല്ല നടപ്പാക്കലാണ്’; നാളെ മുതല്‍ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ സഹകരണ സ്ഥാപനങ്ങള്‍ എടുത്തു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനയ്ക്ക് ഉടന്‍ രൂപംനല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും. പ്രവര്‍ത്തകര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 60വയസിന് മുകളില്‍ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കി. അവരെ പ്രാധാന്യത്തോടെ പരിഗണിക്കുക എന്നതാണ് ലക്ഷ്യം. അസുഖം ഉണ്ടാവാതിരിക്കാനും പ്രത്യേക ശ്രദ്ധ കൊടുക്കണം എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version