ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നു; പൊടിയും മാറാലയും നിറഞ്ഞ ആശുപത്രി കെട്ടിടം മണിക്കൂറുകള്‍ക്കുള്ളില്‍ ഐസൊലേഷന്‍ വാര്‍ഡിനായി ഒരുങ്ങി

നെടുങ്കണ്ടം: പൊടിയും മാറാലയും നിറഞ്ഞ പൂട്ടിക്കിടക്കുന്ന നെടുങ്കണ്ടം കരുണ ആശുപത്രി കെട്ടിടം വൃത്തിയാക്കി ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ ഒരുക്കി ഡിവൈഎഫ്‌ഐ.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ പൂട്ടിക്കിടന്ന കെട്ടിടം ഡിവൈഎഫ്‌ഐ.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്.

ബുധനാഴ്ച രാവിലെയാണ് മാസങ്ങളോളമായി പൂട്ടിക്കിടക്കുകയായിരുന്ന കരുണ ആശുപത്രി കെട്ടിടം ഇടുക്കി രൂപത ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. തുടര്‍ന്ന് പഞ്ചായത്തിന്റെയും ഉടുമ്പന്‍ചോല തഹസില്‍ദാര്‍, നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവരുടെ ആവശ്യപ്രകാരം ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രികെട്ടിടം ശുചീകരിക്കുകയായിരുന്നു.

കെട്ടിടവും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെയുള്ള കെട്ടിടം പൊടിയും മാറാലയും നിറഞ്ഞ നിലയിലായിരുന്നു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതോടെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് ആശുപത്രി കെട്ടിടത്തിന്റെ മൂന്ന് ബ്ലോക്കുകളും ഐസൊലേഷന്‍ വാര്‍ഡിനായി ഒരുങ്ങി.

ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ശുചീകരണം വൈകീട്ട് 4.30 വരെ നീണ്ടു. ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന വരാന്ത, മുറികള്‍ നിറഞ്ഞ അല്‍ഫോണ്‍സാ ബ്ലോക്ക്, ഓപ്പറേഷന്‍ തിയേറ്റര്‍, സമീപത്തെ വാര്‍ഡുകള്‍ എന്നിവയാണ് വൃത്തിയായത്. എല്ലായിടത്തും മരുന്ന് തളിച്ച് അണുവിമുക്തമാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Exit mobile version