അവിനാശി ബസ് അപകടം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം വീതം

തിരുവനന്തപുരം: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും രണ്ടുലക്ഷം രൂപവീതം നല്‍കും. അപകടത്തില്‍ മരിച്ച പത്തൊമ്പത് പേരുടെ ആശ്രിതര്‍ക്കാണ് സഹായനിധിയായി രണ്ടുലക്ഷം വീതം നല്‍കുക. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 25 പേര്‍ക്ക് ചികിത്സാ ബില്ലുകള്‍ ഹാജരാക്കിയാല്‍ പരമാവധി രണ്ടുലക്ഷം രൂപവരെ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ഫെബ്രുവരി 20ന് പുലര്‍ച്ചെയാണ് തമിഴ്‌നാട്ടിലെ അവിനാശിയില്‍ ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുവന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ എതിരെവന്ന കണ്ടെയ്‌നര്‍ ലോറി ഇടിച്ച് അപകടം ഉണ്ടായത്.

ഇതിനുപുറമെ കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ബില്ലുകളായി പരിഗണിക്കാനാവാതിരുന്ന എട്ട് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. 2020-ലെ കേരള കര്‍ഷകത്തൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരളത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ഓര്‍ഡിനന്‍സ്, 2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള സഹകരണസംഘം (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഓര്‍ഡിനന്‍സ് എന്നിവയാണ് പുനര്‍വിളംബരം ചെയ്യുക.

Exit mobile version