‘അരി വാങ്ങാൻ വന്നതാ’; ലോക്ക് ഡൗണിനിടെ 20 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ചിലർ; കർശ്ശന നടപടിയെന്ന് താക്കീത് ചെയ്ത് യതീഷ് ചന്ദ്ര

കണ്ണൂർ: ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ഇടയിലും അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടന്നവർക്കെതിരെ കർശ്ശന നടപടിയെടുത്ത് പോലീസ്. ഇത്തരത്തിൽ കണ്ണൂരിൽ അനാവശ്യമായി പുറത്തിറങ്ങിയ 10 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പലയിടത്തും വിലക്ക് ലംഘിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെയ്പ്പിച്ചു. കാരണമില്ലാതെ പുറത്തിറങ്ങിയാൽ കർശന നിയമനടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.

പലയിടത്തും പരിശോധനകൾക്ക് യതീഷ് ചന്ദ്ര നേരിട്ടെത്തിയാണ് നേതൃത്വം കൊടുത്തത്. വാഹനം നിർത്തിച്ച് എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച് ആവശ്യമെങ്കിൽ മാത്രമാണ് യാത്ര തുടരാൻ അനുവദിച്ചത്. അനാവശ്യമായി പുറത്തിറങ്ങിയരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയും നിലപാട് കടുപ്പിക്കേണ്ടടിടത്ത് അങ്ങനെ ചെയ്തുമായിരുന്നു പരിശോധന.

ഒരുപാട് പേർ വെറുതെ പുറത്ത് ഇറങ്ങുന്നുണ്ടെന്നും ഇറങ്ങുന്നവരിൽ 85 ശതമാനവും അനാവശ്യ കാരണങ്ങളാണ് പറയുന്നതെന്നും യതീഷ് ചന്ദ്ര ചൂണ്ടിക്കാണിച്ചു. ഇത്തരത്തിൽ പുറത്തിറങ്ങിയവരെ പിടികൂടിയപ്പോൾ 20 കിലോമീറ്ററോളം ദൂരത്ത് നിന്നാണ് വരുന്നതെന്ന് മനസിലായെന്നും അരി വാങ്ങിക്കാൻ വന്നതാണെന്ന് കള്ളം പറഞ്ഞെന്നും യതീഷ് ചന്ദ്ര പറയുന്നു. വെറുതെ ഇറങ്ങിയതാണെന്ന് സമ്മതിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 ബാധിതരുള്ള കാസർകോടുമായി അതിർത്തി പങ്കിടുന്നതിനാൽ കർശന നിരീക്ഷണമാണ് കണ്ണൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Exit mobile version