പ്ലാൻ എയും പ്ലാൻ ബിയും കൂടാതെ കൊറോണയെ തടയാൻ ആരോഗ്യവകുപ്പിന്റെ പ്ലാൻ സിയും; വെളിപ്പെടുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 രോഗം കേരളത്തിൽ എത്താനുള്ള സാധ്യതയുള്ള സമയത്ത് തന്നെ രോഗത്തെ നേരിടാനായി പ്ലാൻ എയും പ്ലാൻ ബിയും പ്ലാൻ സിയും തയ്യാറാക്കിയിരുന്നെന്ന് വിശദീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ തന്നെ ആരോഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച 18 കമ്മിറ്റികളിൽ ഇൻഫ്രാസ്‌ട്രെക്ച്ചർ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. പോസിറ്റീവ് കേസുകളുള്ളവർക്ക് പുറമേ വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസൊലേഷൻ മുറികളിൽ മാത്രമേ ചികിത്സിക്കാൻ കഴിയുകയുള്ളൂ. ഇത് മുന്നിൽകണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, മരുന്നുകൾ, സുരക്ഷ ഉപകരണങ്ങൾ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാൻ എ

ജനുവരി 30ന് ചൈനയിലെ വുഹാനിൽ നിന്നും വന്ന വിദ്യാർത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ പ്ലാൻ എയും പ്ലാൻ ബിയും തയ്യാറാക്കുകയും പ്ലാൻ എ നടപ്പിലാക്കുകയും ചെയ്തു. 50 സർക്കാർ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 52 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ എ നടപ്പിലാക്കിയത്. 974 ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കുകയും 242 ഐസൊലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.

പ്ലാൻ ബി

വുഹാനിൽ നിന്നും ആദ്യ കേസ് വന്നപ്പോൾ പ്ലാൻ എയോട് അനുബന്ധമായാണ് പ്ലാൻ ബിയും തയ്യാറാക്കിയത്. 71 സർക്കാർ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 126 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കുകയും 17 ഐസൊലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ പ്ലാൻ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാൻ എയിൽ 1000ത്തോളം ഐസൊലേഷൻ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാൻ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.

പ്ലാൻ സി

ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പർക്കം പുലർത്തിയ അടുത്ത രണ്ട് ബന്ധുക്കൾക്കും മാർച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാൻ സി തയ്യാറാക്കിയത്. ജനങ്ങൾ ജാഗ്രത പുലർത്തി സാമൂഹ്യ അകലം പാലിച്ച് സമ്പർക്കത്തിലേർപ്പെട്ടവർ കൃത്യമായി നിരീക്ഷണത്തിൽ കഴിഞ്ഞാൽ പ്ലാൻ ബിയിൽ തന്നെ നമുക്ക് പിടിച്ച് നിൽക്കാനാകും. അതല്ല വലിയ തോതിൽ സമൂഹ വ്യാപനമുണ്ടായി കൂടുതൽ കേസുകൾ ഒന്നിച്ച് വന്നാൽ പ്ലാൻ സിയിലേക്ക് കടക്കും. സർക്കാർ സ്വകാര്യ ആശുപത്രികളുടെ പൂർണ സഹകരണത്തോടെയാണ് പ്ലാൻ സി നടപ്പാക്കുക. ഇതിനായി പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങൾ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സർക്കാർ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷൻ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാൻ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ പ്ലാൻ സിയിൽ കൂടുതൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.

അതുകൂടാതെ സംസ്ഥാനത്തെ കൊവിഡ് 19 രോഗികൾക്കായി കൊറോണ കെയർ സെന്ററും തയ്യാറാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാർപ്പിക്കാനായാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്. ഇവരിലൂടെ മറ്റാർക്കും രോഗപ്പകർച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാർപ്പിക്കുന്നത്.

ഇപ്പോൾ കുറച്ച് പേർ മാത്രമാണ് ഈ കെയർ സെന്ററുകളിലുള്ളത്. എന്നാൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായാൽ ഐസൊലേഷൻ സൗകര്യത്തിനായാണ് പ്ലാൻ സിയുടെ ഭാഗമായി ഇത്രയേറെ കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുള്ളത്. 21,866 പേരെ ഒരേസമയം ഈ കെയർ സെന്ററുകളിൽ പാർപ്പിക്കാനാകും. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും സഹായവുമായി വന്നിട്ടുണ്ട്. ഇനിയും കൂടുതൽ സ്ഥാപനങ്ങൾ കെയർ സെന്ററുകളാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സർക്കാർ ഇത്രയേറെ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ എല്ലാവരും ഒരേ മനസോടെ ജാഗ്രത പാലിച്ചാൽ മാത്രമേ കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കാനാകൂ. എല്ലാവരും സാമൂഹിക അകലം പാലിക്കണം. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. ഒരു കാരണവശാലും വീടുവിട്ട് പുറത്തിറങ്ങുകയോ മറ്റുള്ളവരോട് ഇടപഴകുകയോ ചെയ്യരുത്. അത് മറ്റുള്ളവരിലേക്ക് രോഗം പകരുകയും സമൂഹത്തിലേക്ക് വളരെപ്പെട്ടെന്ന് പടരുകയും ചെയ്യും. അതിനാൽ തന്നെ എല്ലാവരും ജാഗ്രതയോടെയിരിക്കണം. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി.

Exit mobile version