കൊവിഡ് 19; വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തിവെച്ചു

കല്‍പ്പറ്റ: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തിവെച്ചു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയുമായും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലൂടെ ഇപ്പോള്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് കടത്തി വിടുന്നത്. ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് കടത്തിവിടുന്നത്.

ഇന്ന് രാത്രിയോടുകൂടി ഗതാഗതത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത. അതേസമയം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കുടകിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടകിലേക്ക് ആരേയും കടത്തി വിടേണ്ടെന്നാണ് കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

തമിഴ്‌നാട്ടിലേക്ക് കടന്നു പോകുന്ന വയനാട്ടിലെ തോലാടി, ചാളൂര്‍ ചെക്ക് പോസ്റ്റുകളിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാളയാര്‍ ചെക്ക്‌പോസ്റ്റിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ആശുപത്രി കേസുകള്‍ അടക്കമുള്ള അടിയന്തര ആവശ്യങ്ങളും ഉള്ളവരെ മാത്രമാണ് നിലവില്‍ വാളയാര്‍ വഴി കടത്തി വിടുന്നത്. അതേസമയം കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് അതിര്‍ത്തികളെല്ലാം അടച്ച് പരമാവധി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് തമിഴ്‌നാടും.

Exit mobile version