നഴ്സിംഗ് ട്രെയിനികളുടെ ദുരിതത്തിന് അറുതിയാകുന്നു; ഇനി പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്‍ഡ്

ഇനി സംസ്ഥാനത്തെ നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ട്രെയിനിങിന്റെ പേരിലെ തൊഴില്‍ ചൂഷണം അനുഭവിക്കേണ്ടി വരില്ല.

തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ട്രെയിനിങിന്റെ പേരിലെ തൊഴില്‍ ചൂഷണം അനുഭവിക്കേണ്ടി വരില്ല. ട്രെയിനിംഗ് കാലയളവില്‍ ജിഎന്‍എം നഴ്സിന് 9000 രൂപയും ബിഎസ്എസി നഴ്സിന് 10000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് നല്‍കണമെന്നു തൊഴില്‍ നൈപുണ്യ വകുപ്പ് ഉത്തരവിറക്കി. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ വ്യക്തിക്ക് തൊഴില്‍ വൈദഗ്ധ്യവും നല്‍കുന്നതിനായി സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന പരിശീലനകാലയളവ് ഒരു വര്‍ഷത്തില്‍ അധികമാകരുതെന്നും ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ നഴ്സുമാരുടെ വേതനപരിഷ്‌കരണ ചര്‍ച്ചയില്‍ പരിശീലനകാലയളവും സ്‌റ്റൈപ്പന്‍ഡും സംബന്ധിച്ചുണ്ടായ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മറ്റ് ഭേദഗതി നിര്‍ദ്ദേശങ്ങളുടെ കൂടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാണ് നഴ്സിംഗ് ട്രെയിനികളുടെ പരിശീലനത്തിന് മാര്‍ഗരേഖ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായത്.

തൊഴില്‍ വൈദഗ്ധ്യവും നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവരെ ട്രെയിനികളായി പരിഗണിച്ച് പരിശീലനം നല്‍കാവുന്നതാണ്. എന്നാല്‍ പരിശീലന കാലാവധി ഒരു വര്‍ഷത്തില്‍ അധികമാവരുത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യവികസനത്തിന് അവസരമൊരുക്കുന്ന സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ്, അവരുടെ കര്‍ത്തവ്യം, തൊഴില്‍ വൈദഗ്ധ്യ പദ്ധതിയുടെ ഷെഡ്യൂള്‍ എന്നിവ പ്രസിദ്ധീകരിക്കണം. പരിശീലനത്തിനായി ഒരു ട്രെയിനിംഗ് കോ ഓര്‍ഡിനേറ്ററെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഉദ്യോഗാര്‍ത്ഥി തൊഴില്‍ പരിശീലന കാലയളവ് പൂര്‍ത്തിയാക്കുമ്പോള്‍ തൃപ്തികരമായി തൊഴില്‍നൈപുണ്യം നേടിയതായുള്ള സര്‍ട്ടിഫിക്കറ്റ് അതാത് സ്ഥാപനങ്ങള്‍ നല്‍കണം. സ്ഥാപനത്തിലെ ആകെ നഴ്സുമാരുടെ എണ്ണത്തിന്റെ 25 ശതമാനത്തില്‍ താഴെ മാത്രം ഉദ്യോഗാര്‍ത്ഥികളെ തൊഴില്‍ നൈപുണ്യ വികസനത്തിനായി നിയമിക്കാവൂ. ഒരു സ്ഥാപനത്തില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ത്ഥിയെ വീണ്ടും പരിശീലനത്തിനായി നിയമിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version