നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിക്കും; ഭക്തരോട് കാണിക്കയിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; സാമ്പത്തിക ഉപരോധം തുടരുമെന്നും കെപി ശശികല

ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ശരണം വിളിക്കരുതെന്നും വിരിവയ്ക്കരുതെന്നും പറഞ്ഞാല്‍ അനുസരിക്കാന്‍ സാധിക്കില്ല.

കോട്ടയം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. നിരോധനാജ്ഞ നീട്ടുന്ന കാലമത്രയും നിയമം ലംഘിച്ചുള്ള നാമജപം തുടരുമെന്ന് കെപി ശശികല വ്യക്തമാക്കി. ഭക്തരെ കൂച്ചുവിലങ്ങിടുന്ന കരിനിയമങ്ങള്‍ ലംഘിക്കും. സര്‍ക്കാര്‍ എന്തു കരിനിയമങ്ങള്‍ കൊണ്ടുവന്നാലും ശബരിമലയിലെ ആരാധനാ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കെപി ശശികല കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ശരണം വിളിക്കരുതെന്നും വിരിവയ്ക്കരുതെന്നും പറഞ്ഞാല്‍ അനുസരിക്കാന്‍ സാധിക്കില്ല. നിരോധനാജ്ഞ നീട്ടിയാലും ശരണംവിളിക്കും. ഭരണകൂടമാണ് ശബരിമലയെ സമരകേന്ദ്രമാക്കി മാറ്റുന്നത് നിരോധനാജ്ഞ പിന്‍വലിച്ചാല്‍ സന്നിധാനത്തെ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും ശശികല പറഞ്ഞു.

എല്ലാ ദിവസവും ആളുകളെ നിയോഗിക്കുന്ന കത്തിനെക്കുറിച്ച് തനിക്കറിയില്ല. എറ്റെടുത്ത സമരം വിജയത്തിലെത്താന്‍ അതിന്റേതായ ആസൂത്രണമുണ്ടാകും. സാമ്പത്തിക ഉപരോധത്തിലൂടെ മാത്രമേ എല്ലാക്കാലത്തും സമരം വിജയിക്കൂ. അതിനാല്‍ ശബരിമലയില്‍ കാണിക്കയിടരുതെന്ന് ഭക്തരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിഷയം തീരുന്നത് വരെ ദേവസ്വം ബോര്‍ഡുമായി സാമ്പത്തിക സഹകരണം ഉണ്ടാകില്ലെന്നും ശശികല പറഞ്ഞു.

ഹൈക്കോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് സര്‍ക്കാര്‍ ശബരിമലയില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ശശികല ആരോപിച്ചു. സ്ത്രീകള്‍ക്ക് മാത്രമായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കാമെന്ന നിര്‍ദ്ദേശം നിയമപരമായി ശരിയല്ല. അതിനും ദേവസ്വം ബോര്‍ഡ് പച്ചക്കൊടി കാട്ടുകയാണ്. ഭക്തന് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം ലഭിക്കണമെന്നും ശശികല പറഞ്ഞു

Exit mobile version