ക്രെഡിറ്റ് കിട്ടാൻ ഏതറ്റം വരെയും! 10ാം തീയതി പ്രവർത്തനം തുടങ്ങിയ തൃശ്ശൂർ വൈറോളജി ലാബിനായി 13ന് നിവേദനം നൽകലും ലാബിലേക്ക് സുരക്ഷാ മുൻകരുതലില്ലാതെ ഇരച്ചെത്തലും; രമ്യ ഹരിദാസിനേയും ടിഎൻ പ്രതാപനേയും പൊളിച്ചടുക്കി കുറിപ്പ്

തൃശ്ശൂർ: തൃശ്ശൂരിലെ വൈറോളജി ലാബിനായി മുറവിളി കൂട്ടി പ്രവർത്തന സജ്ജമാക്കി എന്ന് വീമ്പടിക്കാനായി കോൺഗ്രസ് സംഘം കാണിച്ചുകൂട്ടിയ പ്രഹസനങ്ങൾ യഥാർത്ഥ മീഡിയ മാനിക് ആരൊക്കെയാണ് എന്ന് കാണിച്ചുതരുന്നതായിരുന്നു എന്നും ഫുൾ ഷോ വർക്ക് ആണെന്നും പറഞ്ഞുള്ള പിബി അനൂപിന്റെ കുറിപ്പാണ് ഇപ്പോൾ വിഷയം കൂടുതൽ ശ്രദ്ധേയമായിരിക്കുന്നത്.

ആലത്തൂർ എംപിയായ രമ്യ ഹരിദാസും തൃശ്ശൂർ എംപിയായ ടിഎൻ പ്രതാപനും എംഎൽഎയായ അനിൽ അക്കരയും ചേർന്ന് നടത്തിയ തൃശ്ശൂരിലെ വൈറോളജി ലാബിനായുള്ള ‘ഇടപെടൽ’ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം വിമർശനത്തിന് കാരണമായിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ മാർച്ച് 10ന് തന്നെ പരിശോധന സാമഗ്രികൾ എല്ലാം തയ്യാറാക്കി കോവിഡ് 19 പരിശോധനയുടെ ട്രയൽ നടത്തി വൈറോളജി ലാബ് പൂർണ്ണസജ്ജമെന്ന് ഉറപ്പാക്കിയിരുന്നു. ഇതിന് പിന്നാലെ 13ാം തീയതിയാണ് ഇതിന്റെ ക്രെഡിറ്റ് എങ്കിലും സംസ്ഥാന സർക്കാരിൽ നിന്ന് അടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ഓടിപ്പിടഞ്ഞ് രംഗത്തേക്ക് എത്തുന്നത്.

ആദ്യഘട്ടത്തിൽ പൂനെയ്ക്ക് പുറമെ ആലപ്പുഴയിൽ മാത്രമായിരുന്നു കോവിഡ് രോഗം പരിശോധിക്കാനുള്ള ലാബ് സൗകര്യം. പിന്നീട് കേരളത്തിൽ കോവിഡ് 19 രോഗബാധിതരുടേയും രോഗം സംശയിക്കുന്നവരുടേയും എണ്ണം വർധിച്ചതോടെ പൂനെയിലെ വൈറോളജി ലാബിനെ ആശ്രയിക്കൽ പ്രയാസമായതിനാൽ ആലപ്പുഴയ്ക്ക് പിന്നാലെ പ്രധാന മെഡിക്കൽ കോളേജുകളിലെല്ലാം പരിശോധനാ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാർ ഇടപെടലോടെ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായുള്ള ലാബ് സജ്ജീകരിക്കുകയും രണ്ടാം ഘട്ടമായപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിലും ലാബ് ഒരുക്കുകയും ചെയ്തിരുന്നു.

പിസിആർ സമഗ്രികൾ എത്തിച്ച് സജ്ജമാക്കിയ തൃശ്ശൂരിലെ ലാബിൽ മറ്റിടങ്ങളിൽ പരിശോധിച്ച് പോസിറ്റീവ് എന്ന് തെളിഞ്ഞ സാമ്പിളുകൾ എത്തിച്ച് ട്രയൽ പരിശോധനയും പൂർത്തിയാക്കിയിരുന്നു. മാർച്ച് 16 തിങ്കളാഴ്ച കേന്ദ്ര സർക്കാർ ലൈസൻസ് അനുവദിക്കുന്നതോടെ പരിശോധനകൾ ആരംഭിക്കാം എന്ന തീരുമാനത്തിലായിരുന്നു സംസ്ഥാന സർക്കാരും ആരോഗ്യപ്രവർത്തകരും.

എന്നാൽ ഇതിന് തൊട്ടുമുമ്പ് മാർച്ച് 13ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനെ കണ്ട് ടിഎൻ പ്രതാപൻ എംപിയും രമ്യ ഹരിദാസ് എംപിയും തൃശ്ശൂരിലും ലാബ് വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയായിരുന്നു. ഇതുകൊണ്ടും വലിയ മീഡിയ അറ്റൻഷൻ കിട്ടിയില്ലെന്ന് ബോധ്യമായതോടെ കോൺഗ്രസ് എംപിമാർ എംഎൽഎയായ അനിൽ അക്കരയേയും മാധ്യമപ്രവർത്തകരേയും വിളിച്ചുവരുത്തി പൂർണ്ണസജ്ജമായ തൃശ്ശൂരിലെ വൈറോളജി ലാബിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വൈറോളജി ലാബ് പ്രവർത്തന സജ്ജമാക്കുക എന്ന ഇവരുടെ ആവശ്യമാണ് ഏറ്റവും പരിഹാസ്യമായത്.

കോവിഡ് പോസ്റ്റീവായ സാംപിൾ ഉൾപ്പടെയുള്ളവ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്ത ലാബിലേക്ക് യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ ഇത്രയേറെ ആളുകൾ ഇടിച്ചുകയറിയത് യഥാർത്ഥത്തിൽ വലിയ വീഴ്ചയാണ്. മുഖം മറയ്ക്കുകയോ ശുചിയായ ചെരുപ്പ് ധരിക്കുകയോ ചെയ്യാതെ അതീവ ജാഗ്രതയും ശുചിത്വവും പുലർത്തേണ്ട ലാബിലേക്ക് ആളുകൾ കൂട്ടത്തോടെ കടന്നുകയറിയത് മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കി കൊണ്ടാണ് എന്ന് പിബി അനൂപ് ആരോപിക്കുന്നു

ഈ സംഭവത്തിന് പിന്നാലെ, കോൺഗ്രസിന്റെ എംപിമാരും എംഎൽഎയും സംഘവും വീട്ട് നിരീക്ഷണത്തിൽ കഴിയുകയാണ് വേണ്ടതെന്ന ആവശ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. ആശുപത്രി അധികൃതരുടെ അനുമതി ഇല്ലാതെയാണ് ഇവർ ലാബിലേക്ക് കയറിയത് എന്നതും ഗൗരവകരമായ കുറ്റകൃത്യം തന്നെയാണ്. പൊതുജനങ്ങളുടെ ജീവൻ വെച്ച് പന്താടിയാണ് മൈലേജുണ്ടാക്കാൻ ഈ കോൺഗ്രസ് നേതാക്കളെല്ലാം ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ച മീഡിയ മാനിയ ആർക്കാണെന്ന് ഈ സംഭവത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു എന്നല്ലാതെ ജനങ്ങൾക്ക് ഒരു നേട്ടവും ഇവരുടെ പ്രവർത്തിയിലൂടെ ഉണ്ടായിട്ടില്ല എന്നും അനൂപ് കുറ്റപ്പെടുത്തി.

ഈ സംഭവത്തിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് നേതാക്കളുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയെ വിമർശിക്കുകയും പൊതുജനാരോഗ്യത്തെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കേണ്ടതെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. ‘നിങ്ങൾ വരുന്നതിന് മുമ്പ് കേന്ദ്ര മന്ത്രിയെ കാണുന്നതിന് മുൻപ് പ്രാരംഭ പ്രവർത്തനം തുടങ്ങിയ വൈറോളജി ലാബിന്റെ ‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ” എന്നും മുഖ്യമന്ത്രി ഇവരോടായി പറഞ്ഞിരുന്നു.

ഏതായാലും കഴിഞ്ഞ യുഡിഎഫ് കാലത്തെ പോലെ തന്നെ ഉമ്മൻചാണ്ടി തുടങ്ങി വെച്ച ക്രെഡിറ്റ് അടിച്ചെടുക്കൽ എന്ന പരിപാടിയുടെ തുടർച്ച എന്നത് അല്ലാതെ, പ്രതിപക്ഷത്തെ കോൺഗ്രസ് നേതാക്കളുടേയും കോൺഗ്രസ് എംപിമാരുടേയും എംഎൽഎമാരുടേയും ലക്ഷ്യം കേരളത്തെ മഹാമാരിയിൽ നിന്ന് മോചിപ്പിക്കലോ അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കലോ അല്ലെന്ന് ഇതിലൂടെ വ്യക്തമാവുകയും ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങൾ കൊറോണ വൈറസിനൊപ്പം കേരളത്തിലെ പ്രതിപക്ഷത്തേയും ഭയക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

Exit mobile version