കൊറോണ ബാധിച്ച ഇറ്റാലിയൻ പൗരന്റെ സഞ്ചാര പാത കണ്ടെത്താൻ തീവ്ര ശ്രമം; ഇറ്റാലിയൻ ഭാഷ അറിയുന്നവരുടെ സഹായം തേടി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെത്തിയ വിനോദസഞ്ചാരിയായ ഇറ്റലിക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ തീവ്രശ്രമങഅങളുമായി ആരോഗ്യ വകുപ്പ്. രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കാനായി ദ്വിഭാഷികളുടെ സഹായം തേടിയിരിക്കുകയാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർ. ഇദ്ദേഹം നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് രോഗം വ്യാപനം തടയാൻ അത്യാവശ്യമായതിനാൽ ആരോഗ്യപ്രവർത്തകർക്ക് മുന്നിലുള്ളത് ഹിമാലയൻ ടാസ്‌കാണ്. വർക്കല, കൊല്ലം, തിരുവനന്തപുരം മേഖലകളിലൂടെ രോഗി സഞ്ചരിച്ച പാത കണ്ടെത്തുന്നതിനായി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇയാളിൽ നിന്നും ആരോഗ്യവകുപ്പും സ്‌പെഷൽ ബ്രാഞ്ചും സംയുക്തമായാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വർക്കലയിലും പരിസര പ്രദേശങ്ങളിലുമായി വിവിധയിടങ്ങളിൽ രോഗി സഞ്ചരിച്ചതായാണ് പ്രാഥമിക നിഗമനം. റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

തിരുവനന്തപുരത്തെത്തിയശേഷം വർക്കലയിലേക്ക് പോയ ഇയാൾ റിസോർട്ടിൽ താമസിക്കുന്നതിനിടെയാണ് സംശയത്തെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോയത്. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. സ്രവം പരിശോധനയ്ക്കായി കൊടുത്തശേഷം തിരികെ എത്തിയതും ഓട്ടോയിലാണ്. ഇതിനിടയിലും പല ആളുകളുമായി ഇടപഴകുകയും ക്ഷേത്രത്തിലെ ഉത്സവത്തിൽ ഉൾപ്പടെ പങ്കെടുക്കുകയും വിവിധയിടങ്ങളിൽ പോവുകയും ചെയ്തു.

അതേസമയം, ഇറ്റാലിയൻ പൗരൻ താമസിച്ചിരുന്ന വർക്കല ബീച്ചിലെ റിസോർട്ട് താൽക്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്. റിസോർട്ടിലെ 9 ജീവനക്കാർ നീരീക്ഷണത്തിലുമാണ്. പാരിപ്പള്ളി ഗവ.ആശുപത്രിയിൽ 10-ാം തീയതി നടത്തിയ പരിശോധനയിലാണ് ഇറ്റലി സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version