ആഡംബരങ്ങളില്ല, ആള്‍ക്കാരുമില്ല; ലളിതമായ ചടങ്ങുകളില്‍ ചുരുങ്ങി കേരളത്തിലെ കല്ല്യാണങ്ങള്‍; വില്ലന്‍ കൊറോണ തന്നെ

ചെങ്ങന്നൂര്‍: ലോകത്തെ ഒന്നടങ്കം വിറപ്പിച്ച് കൊറോണ വ്യാപിക്കുമ്പോള്‍ കേരളത്തിലും ജാഗ്രത ശക്തമാണ്. കൊറോണ ഭീതിയില്‍ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഈ കൊറോണ കാലത്ത് കേരളത്തില്‍ കാണാന്‍ കഴിയുന്ന മറ്റൊരു കാഴ്ചയാണ് ആഡംബരങ്ങരളും മറ്റും ഒഴിവാക്കിയുള്ള ലളിതമായ ചടങ്ങുകളില്‍ മാത്രമൊതുങ്ങിയ വിവാഹങ്ങള്‍.

ആഡംബര കല്യാണങ്ങളുടെ മത്സരവേദിയായിരുന്ന കേരളം. എന്നാല്‍ ഭീതി പരത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ എങ്ങനെ ലളിതമായി കല്യാണം നടത്താമെന്നതിന്റെ പരീക്ഷണവും നടന്നുകൊണ്ടിരിക്കുകയാണ്. ആളും ആരവങ്ങളും എല്ലാം ഒഴിവാക്കി വിവാഹങ്ങളെല്ലാം ലളിതമായ ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങി.

അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹചടങ്ങുകളിലേക്ക് ക്ഷണിക്കുന്നുള്ളൂ. ഗുരുവായൂരില്‍ മീനമാസത്തില്‍ ദിവസം ശരാശരി 15 കല്യാണംവരെ നടന്നിരുന്നു. ഞായറാഴ്ചകളില്‍ 200 വരെയും. എന്നാല്‍ ബുക്കുചെയ്ത കല്യാണങ്ങളൊന്നും മാറ്റിയിട്ടില്ലെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചു.

ഒരു കല്യാണത്തിന് 20 മുതല്‍ 50 വരെ ആളുകളായി പരിമിതപ്പെടുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിശ്ചയിച്ചിരുന്ന കല്യാണങ്ങളില്‍ 40 പേരില്‍ താഴെ ആളുകളാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശങ്ങള്‍ അധികാരികള്‍ നല്‍കുന്നുണ്ട്.

വിവാഹങ്ങളെല്ലാം ലളിതമായ ചടങ്ങുകള്‍ ആയി ചുരുങ്ങുമ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത് പാചകക്കാരും ഫോട്ടോഗ്രാഫര്‍മാരുമൊക്കെയാണ്. പൊതുവേ നല്ല കല്യാണത്തിരക്കുള്ള ഈ മാസങ്ങളില്‍ കൊറോണ വില്ലനായി എത്തിയതോടെ ഇവര്‍ക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്.

Exit mobile version