എവിടേയും പോയില്ലെന്ന് പറഞ്ഞ ഇറ്റലി പ്രവാസികളെ കൊണ്ട് സത്യം പറയിപ്പിക്കൽ തൊട്ട് നിരീക്ഷണത്തിലുള്ളവരെ ദിനവും മൂന്നുതവണ വിളിക്കൽ വരെ; കയറി ഇറങ്ങിയത് 4000 വീടുകൾ; കേരളം എന്നും കടപ്പെട്ടിരിക്കും ഈ 12 മെഡിക്കൽ സംഘങ്ങളോട്!

കോട്ടയം: കോവിഡ് 19 രോഗികളുടെ അശ്രദ്ധ കാരണം പത്തനംതിട്ട, കോട്ടയം ജില്ലകൾ അതീവജാഗ്രതയിൽ കഴിയേണ്ട ഗതികേടിലായിരിക്കുകയാണ്. രോഗവിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കാതിരുന്ന ഈ പ്രവാസി കുടുംബം സ്വയം ഐസൊലേഷനിൽ കഴിയാതെ നാട്ടിലാകെ ഓടി നടന്നതാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകരെ നാടാകെ ചുറ്റിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അശ്രദ്ധ കാണിച്ചവർ ആശുപത്രിയിൽ ചികിത്സയിൽ കുഴപ്പമില്ലാതെ കഴിയുമ്പോൾ ആശങ്കയും ഉത്കണ്ഠയും ഒപ്പം ഊണും ഉറക്കവും നഷ്ടപ്പെട്ടത് ആരോഗ്യവകുപ്പിനും മന്ത്രി കെകെ ശൈലജയ്ക്കും ആയിരത്തോളം ആരോഗ്യമേഖലയിലെ വിവിധ പ്രവർത്തകർക്കുമാണ്. ഇതിനിടയെിൽ വിസ്മരിക്കാനാകാത്ത പ്രവർത്തനം കാഴ്ചവെച്ചാണ് ആരോഗ്യവകുപ്പിന്റെ 12 സംഘങ്ങൾ അമ്പരപ്പിക്കുന്നത്. കോവിഡ് 19നെ തടയാനും പ്രതിരോധം ശക്തമാക്കാനും ഞായറാഴ്ചമുതൽ 24 മണിക്കൂറും വിശ്രമമില്ലാത്ത സേവനമാണ് ഈ സംഘം നടത്തുന്നത്. ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിന്റെയും അവരുമായി അടുത്ത് ഇടപഴകിയവരുടെയും യാത്രാമാപ്പ് തയ്യാറാക്കുന്നത് മുതൽ ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി അവരെ ബോധവത്കരിക്കുകയും ആവശ്യമെങ്കിൽ നിരീക്ഷണവും ചികിത്സയും ഉറപ്പുവരുത്തുകയും വരെ ചെയ്യേണ്ട ഭഗീരഥ പ്രയത്‌നമാണ് ഇവർക്ക് മുന്നിലുള്ളത്. അവരോട് ഈ നാട് ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. 4000 വീടുകളിലെങ്കിലും ഇവർ ചുരുങ്ങിയ ദിവസത്തിനിടെ എത്തിയെന്നാണ് ഏറ്റവും ചെറിയ കണക്ക്.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഘട്ടം ഒന്ന് അടിയന്തര കർമപദ്ധതി തയ്യാറാക്കൽ ആയിരുന്നു. ഇറ്റലിയിൽനിന്ന് വന്ന കൊറോണ ബാധിതർ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 3000 പേരുമായി സമ്പർക്കം പുലർത്തിയെന്ന വിവരമാണ് ഞായറാഴ്ച വൈകുന്നേരം ആരോഗ്യവകുപ്പിന് കിട്ടിയത്. ദമ്പതിമാർക്ക് രോഗം സ്ഥിരീകരിച്ച ശനിയാഴ്ച അർധരാത്രിയോടെ അടിയന്തര കർമപദ്ധതി പത്തനംതിട്ട കളക്ടർ പിബി നൂഹിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ ദമ്പതികളുടെ മകളും മരുമകനും കോട്ടയത്തായതിനാൽ കോട്ടയം കളക്ടർ പികെ സുധീർ ബാബുവുമായി ബന്ധപ്പെട്ട് നടപടികൾ അറിയിച്ചു. ഇവിടെയും റാന്നിയിലുമായി ഞായറാഴ്ചതന്നെ ആരോഗ്യവകുപ്പിന്റെ സംഘങ്ങൾ ഇറങ്ങി. കുടുംബം താമസിച്ചിരുന്ന ഐത്തലയിൽ അവരുടെ സമീപവാസികളെയെല്ലാം ഞായറാഴ്ചതന്നെ വീടുകളിലെത്തി കണ്ടു.

രണ്ടാം ഘട്ടം: കൊറോണ ബാധിതരുടെ സഞ്ചാരപാത മനസ്സിലാക്കലായിരുന്നു അടുത്തഘട്ടം. എവിടെയും കാര്യമായി പോയില്ലെന്ന വാദത്തിൽ കുടുംബം ഉറച്ചുനിന്നെങ്കിലും അവരുമായി നിരന്തരം സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. ഫെബ്രുവരി 29 മുതൽ മാർച്ച് ആറുവരെയുള്ള സഞ്ചാരത്തിന്റെയും ഇടപഴകലിന്റെയും വിവരം തയ്യാറാക്കി. റാന്നി ജണ്ടായിക്കൽ പ്രദേശത്തുനിന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ സഞ്ചാരങ്ങളും മറ്റുമറിഞ്ഞ് വിശദാംശങ്ങൾ തയ്യാറാക്കലിലേക്ക് അടുത്തതായി ആരോഗ്യപ്രവർത്തകർ കടന്നു.

മൂന്നാം ഘട്ടം: പത്തനംതിട്ടയിൽ നിന്നും കോട്ടയത്തേക്ക് കൂടി നിരീക്ഷണം വ്യാപിപ്പിച്ചു. കോട്ടയം ചെങ്ങളത്ത് ഇറ്റലിയിൽനിന്നെത്തിയ ദമ്പതിമാരുടെ മകളും മരുമകനും താമസിക്കുന്ന വീടും പരിസരവും തിരിച്ചറിഞ്ഞു. അവരുമായി ഇടപഴകിയ ആളുകളുടെ വിവരശേഖരണത്തിന് ആറ് മെഡിക്കൽ സംഘത്തെ നിയോഗിച്ചു. അവരുടെ പ്രവർത്തനം ഇപ്പോഴും തുടരുന്നു. പത്തനംതിട്ട, കോട്ടയം ജില്ലാ ഭരണകൂടങ്ങളും ഡിഎംഒമാരും പരസ്പരം വിവരം കൈമാറി നടത്തിയ നീക്കം വിജയകരമായി പൂർത്തിയാക്കി. എല്ലാത്തിനും നേതൃത്വം നൽകി മന്ത്രി കെകെ ശൈലജയും കൂടെ ഉണ്ടായിരുന്നു. രോഗികൾ സഞ്ചരിച്ച ബസ്, ഹോട്ടൽ, ബാങ്ക്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നെല്ലാം വിവരം ശേഖരിച്ചു. രോഗികളുമായി അടുത്തിടപഴകിയവരെ വീടുകളിൽ തന്നെ നേരിട്ടുചെന്നുകണ്ട് ആരോഗ്യസ്ഥിതി മനസ്സിലാക്കി. മൊബൈൽ നമ്പറും ശേഖരിച്ചു.

ആരോഗ്യവകുപ്പ് നിയോഗിച്ച 12 അംഗ സംഘത്തിലെ ഓരോ സംഘത്തിലും ഒരു മെഡിക്കൽ ഓഫീസറും രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർമാരും മെഡിക്കൽ പിജി വിദ്യാർത്ഥികളും. വീടുകളിൽ ആളുകളോട് സംസാരിക്കുമ്പോൾ ഒരുമീറ്റർ അകലംപാലിക്കാനാണ് സുരക്ഷയ്ക്കുള്ള നിർദേശമായി നൽകിയത്. രോഗികളോട് ഇടപഴകിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചു.

നാലാം ഘട്ടം: രോഗികളുമായി ഇടപെട്ടവരുടെ നിരന്തര നിരീക്ഷണമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ മൊബൈലിലേക്ക് ദിവസവും മൂന്നുതവണ ഹെൽത്ത് ഇൻസ്പെക്ടർമാർ വിളിച്ചുവിവരം തിരക്കും. ആരോഗ്യം മോശമായാൽ ഉടൻ ആംബുലൻസിൽ കിടത്തി ആശുപത്രിയിലേക്കു മാറ്റും. രോഗബാധിതർ പോയ ഇടങ്ങളിലെ പിഎച്ച്‌സികളിലെ ഡോക്ടർമാരുടെ സംഘവും സമാന്തരമായി സേവനത്തിലുണ്ടായിരുന്നു.

ഏതാവശ്യങ്ങൾക്കും വിളിക്കാൻ ഡിഎംഒ ഓഫീസുകളിൽ 24 മണിക്കൂറും കൺട്രോൾറൂം ഉണ്ട്. രോഗികളുടെ വിളിയും മറ്റുകാര്യങ്ങളും ശേഖരിച്ച് ഇവർ കൈമാറും. ദേശീയ ആരോഗ്യമിഷനും ഇവർക്കൊപ്പം സേവനത്തിലുണ്ട്. പത്തനംതിട്ട ഡിഎംഒ ഡോ. എഎൽ ഷീജ, കോട്ടയം ഡിഎംഒ ഡോ. ജേക്കബ് വർഗീസ് എന്നിവരാണ് ഇവയെല്ലാം ഏകോപിപ്പിച്ചത്.

Exit mobile version