കോവിഡ് 19 മഹാമാരിയെന്ന് പ്രഖ്യാപിച്ചതിന്റെ ഗൗരവം കണക്കിലെടുക്കണം; പ്രവാസികളെ സർക്കാർ ശത്രുക്കളായല്ല കാണുന്നത്; മതമേലധ്യക്ഷന്മാർക്ക് നന്ദിയെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് 19 രോഗലക്ഷണങ്ങളോടെ കഴിയുന്നവർ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ലെങ്കിൽ കർശ്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. നാട്ടിലെത്തുന്ന പ്രവാസികളെ സർക്കാർ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചു വരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണം. ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണം. കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികൾ ഉൾക്കൊള്ളമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം വളരെ നേരത്തേ തന്നെ മുൻകരുതലുകൾ എടുത്തത് ഗുണകരമായി. പരിശോധനാഫലങ്ങൾ നെഗറ്റീവാകുന്നത് ആശ്വാസകരമാണ്. പക്ഷേ വിശ്രമിക്കാറായിട്ടില്ല. നിർദേശങ്ങൾ പൂർണമായി പാലിക്കുന്നതിന് മതമേലധ്യക്ഷൻമാർക്ക് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്നെത്തും. 25 പേരാണ് ഐസൊലേഷൻ വാർഡുകളിലുള്ളത്. ഇതിൽ 5 പേർ ഹൈ റിസ്‌ക് കോൺടാക്റ്റിൽ പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ആകെ 3313പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 293പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ വന്ന ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന എട്ടുപേരെയും നില തൃപ്തികരമായി തുടരുന്നു.

കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്തുവിടും. ആശുപത്രിയിൽ കഴിയുന്ന ഇവരുടെ കുട്ടിക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. ആശുപത്രിയിൽ കഴിയുന്ന വൃദ്ധദമ്പതികളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു.

Exit mobile version