പക്ഷിപ്പനി; പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. അതേസമയം പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ ചിലര്‍ വളര്‍ത്തുപ്പക്ഷികളെയും അലങ്കാര പക്ഷികളെയും മാറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടര്‍ നിയമനടപടി എടുക്കുമെന്ന് അറിയിച്ചത്.

കഴിഞ്ഞ ദിവസം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായാല്‍ കൂടുതല്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനക്കൊപ്പം വാര്‍ഡ് കൗണ്‍സിലറും പോലീസ് ഓഫീസറും ഇന്ന് മുതലുണ്ടാകും.

നാട്ടുകാരില്‍ പലരും തങ്ങളുടെ കോഴികള്‍ അടക്കമുള്ള വളര്‍ത്തുപ്പക്ഷികളെ കൂട്ടത്തോടെ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും പക്ഷിപ്പനി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് വളര്‍ത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് വളര്‍ത്തുപ്പക്ഷികളെയാണ് കൊന്ന് കത്തിച്ചത്.

Exit mobile version