‘ഫാത്തിമയുടെ മോഷ്ടിക്കപ്പെട്ട പത്ത് രൂപ’; കുട്ടികളിലെ മോഷണസ്വഭാവം മാറ്റിയെടുക്കാനുള്ള മാർഗങ്ങൾ

ഫഖ്‌റുദ്ധീൻ പന്താവൂർ

മദ്രസയിൽ അധ്യാപകനായകാലം. ഒന്നാം ക്ലാസായിരുന്നു എനിക്ക് ലഭിച്ചത്. ഒരിക്കൽ ഒന്നാം ക്ലാസിലെ ഫാത്തിമയൊരു പരാതി പറഞ്ഞു. അവൾ കൊണ്ട് വന്ന പത്ത് രൂപ കാണാനില്ലത്രേ. ഇതും പറഞ്ഞ് കരച്ചിലോടു കരച്ചിൽ. ഞാൻ പറഞ്ഞു, കാശ് കണ്ടെത്താം കൂൾ…

ക്ലാസിലെ കുട്ടികളുടെ കണ്ണുകളിലേക്കൊരു നോട്ടം പായിച്ചു. എല്ലാവരും നിഷ്‌കളങ്കർ. എല്ലാരും ഒരു കാര്യത്തിൽ ഒരേ അഭിപ്രായത്തിലാ. ആരും ഫാത്തിമയുടെ കാശ് എടുത്തിട്ടില്ല. ഒടുവിൽ ഒരു തന്ത്രം പ്രയോഗിച്ചു. ചൂലിന്റെ ഈർക്കിലി കൊണ്ട് വന്നു. ഒരേ അളവിൽ ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഈർക്കിലി മുറിച്ചു. മേശപ്പുറത്ത് വെച്ചു. ഓരോർത്തർക്കും ഓരോ ഈർക്കിലി നൽകി. ബുക്കിനിടയിൽ വെക്കാൻ പറഞ്ഞു. എന്നിട്ട് ചെറിയൊരു ഗ്രൂപ്പ് കൗൺസിലിങ്ങ് നൽകി. ഒപ്പം ഈർക്കിലി മന്ത്രവും. കാശ് എടുത്തവന്റെ കൈയ്യിലെ ഈർക്കിലി നീളം കൂടുമെന്ന് അവരെ വിശ്വസിപ്പിച്ചു. കുട്ടികൾ മുഖത്തോട് മുഖം നോക്കിയിരുന്നു. പിന്നെ ഈർക്കിലിയിലേക്കും.

ഒരോർത്തരുടെ കൈയ്യിലെയും ഈർക്കിലി തിരികെ വാങ്ങി. ഒരുത്തന്റെ ഈർക്കിലി മാത്രം നീളം കുറവ്. ഞാനത് മനസ്സിലാക്കിയത് പുറത്ത് കാണിച്ചില്ല. പാവം.. നീളം കൂടാൻ പോകുന്ന ഈർക്കിലി അവൻ അൽപ്പം മുറിച്ച് ” ബാലൻസ് ‘ ചെയ്തതാണ്.

സുന്ദരൻ, അവനെ ഞാൻ സ്‌നേഹത്തോടെ അരികിൽ വിളിപ്പിച്ചു. അവൻ തലയും താഴ്ത്തി അരികിലെത്തി. ബുക്കിനിടയിൽ ഒളിപ്പിച്ചു വെച്ച പത്ത് രൂപ എന്റെ കൈയ്യിൽ വെച്ച് തന്നു. ഞാനവന് 5 രൂപ സമ്മാനമായി നൽകി. ഫാത്തിമ മാത്രമല്ല അവനും സന്തോഷത്തോടെയാണ് അന്ന് വീട്ടിലേക്ക് തിരിച്ച് പോയത്.

ചെറിയ പ്രായം മുതൽ കൗമാരക്കാലം കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് മോഷണം. ചിലതൊക്കെ തമാശയായും അവഗണിക്കാവുന്നതൊക്കെയാകാമെങ്കിലും മോഷണം അത്ര നിസാരമല്ല. രക്ഷിതാക്കളും അധ്യാപകരും ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെങ്കിൽ കുട്ടികൾ കൈവിട്ട് പോകും. ചെറിയകുട്ടികൾക്കിടയിൽ പോലും മോഷണം പതിവാകുന്നൊരു അനുഭവങ്ങൾ നിരവധിയാണ്.

കുട്ടികളുടെ ഇത്തരം ദുശ്ശീലങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധ്യാപകരും രക്ഷിതാക്കളും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഇവരെ അകറ്റി നിർത്തുന്ന രീതിയിൽ ഒരിക്കലും പെരുമാറരുത്. അവഗണന ഇവരെ കൂടുതൽ ദുശ്ശീലങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ശിക്ഷകൾക്ക് ശിക്ഷണങ്ങളാകാം.. ശിക്ഷകൾ ലഘുവായി മാത്രമെ ഉണ്ടാകാവൂ.

അവരൊടൊപ്പം കൂടുതൽ സമയം ചെലവഴിച്ച് കൂടുതൽ സംസാരിക്കാൻ സമയം കണ്ടെത്തുക. അവരുടെ പ്രശ്‌നങ്ങൾക്ക് സ്‌നേഹത്തോടെ പരിഹാരം കാണുക. ഒരു കുറ്റവാളിയെപ്പോലെ ഒരിക്കലും പെരുമാറരുത് . ചെറുപ്രായത്തിൽ രക്ഷിതാക്കളുടെ സ്‌നേഹവും വാൽസല്യവും വേണ്ടത്ര കിട്ടാതെ വരുന്നത് കൊണ്ടാണ് കുട്ടികൾ മോഷ്ടാക്കളാകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും രക്ഷിതാക്കളുടെ ദാമ്പത്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകും. ഇത്തരം കുട്ടികളൊട് വഴക്കിടുകയോ കഠിനമായ ശിക്ഷാരീതികൾ നൽകുകയോ ചെയ്യരുത് . എന്നാൽ അവഗണിച്ച് വിടാനും പാടില്ല. സ്‌നേഹത്തോടെയും വാൽസല്യത്തോടെയും കൈകാര്യം ചെയ്യണം. അൽപ്പം ക്ഷമ തന്നെ വേണമിതിന്.

എത്ര സമ്പന്ന ഗൃഹത്തിലെ കുട്ടികളിലും മോഷണശീലം കണ്ടുവരുന്നുണ്ട്. അതിൽനിന്നും ഇത് അത്യാവശ്യത്തിന് വേണ്ടിയോ നിവൃത്തികേടു കൊണ്ടോ ചെയ്യുന്നതല്ലെന്ന് മനസ്സിലാക്കാമല്ലോ. അപ്പോൾ ഇതിനായി അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തണം. അങ്ങനെ ഈ ദുശീലത്തെ നിയന്ത്രിച്ചെടുക്കാം. മറ്റ് കാര്യങ്ങളിലൊക്കെ സത്യസന്ധത കാണിച്ചാലും അന്യന്റെ വസ്തുക്കളെടുക്കാനുള്ള ത്വര ചില കുട്ടികളിൽ കാണും. മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കുന്നതിനായിട്ടാകും ചില കുട്ടികൾ കൗതുകമുണർത്തുന്ന വസ്തുക്കൾ കൈക്കലാക്കുന്നത്. എന്തെല്ലാം സൂത്രവിദ്യകളാണ് ഇതിനായി കുട്ടികൾ പ്രയോഗിക്കുന്നതെന്ന് മാതാപിതാക്കൾ അറിയാൻ ശ്രമിക്കണം.

സ്വന്തം ആഗ്രഹത്തെ നിയന്ത്രിക്കാനാകാതെ വരിക, മറ്റുള്ളവർ വിഷമിച്ച് കാണാനാഗ്രഹിക്കുക, ദേഷ്യം, കുടുംബത്തിലെ പ്രശ്‌നങ്ങൾ പ്രത്യേകിച്ച് അച്ഛനുമമ്മയും തമ്മിൽ യോജിപ്പില്ലായ്ക, മടുപ്പ്, ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുട്ടികളിലാണ് കള്ളം പറയുക, കളവ് നടത്തുക തുടങ്ങിയ ദുശ്ശീലങ്ങൾ കണ്ടുവരുന്നത്. കുട്ടികളിലെ മോഷണസ്വഭാവത്തെ ഒരു രോഗമായി കാണാതെ, കാരണമറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുക. ഈ ദുശീലത്തിന് അവരെ അസഭ്യം പറഞ്ഞതുകൊണ്ടോ ദേഹോപദ്രവമേൽപ്പിച്ചതുകൊണ്ടോ സ്വഭാവത്തിൽ സ്ഥായിയായ മാറ്റമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കേണ്ട

(അധ്യാപകനും മൈന്റ് കൺസൾട്ടന്റുമാണ് ലേഖകൻ.9946025819)

Exit mobile version