കൊറോണ: രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതേണ്ട; ഇവർക്ക് പ്രത്യേക സംവിധാനം ഒരുക്കും; അഞ്ച് രൂപയുടെ മാസ്‌കിന് 100 രൂപ ഈടാക്കുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നും കളക്ടർ

റാന്നി: പത്തനംതിട്ടയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ലക്ഷണമുള്ള കുട്ടികൾ പൊതു പരീക്ഷകൾ എഴുതേണ്ടെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ അറിയിച്ചു. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്‌കൂളിൽ പരീക്ഷ എഴുതാനുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്നും കളക്ടർ പിബി നൂഹ് വ്യക്തമാക്കി.

പരീക്ഷ സെന്ററുകളിൽ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പിടിഎയുടെ നേതൃത്വത്തിൽ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്നും കളക്ടർ അറിയിച്ചു.

ഇതോടൊപ്പെ, മെഡിക്കൽ സ്റ്റോറുകളിൽ ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ മരുന്നുകൾ നൽകാൻ പാടില്ലെന്ന് കളക്ടർ നിർദേശിച്ചു. പനി, ചുമ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കായി അംഗീകൃത ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ യാതൊരു കാരണവശാലും മരുന്നുകൾ നൽകാൻ പാടില്ല. കൂടാതെ ജില്ലയിലും റാന്നി മേഖലയിലും അഞ്ചു രൂപാ വിലയുള്ള മാസ്‌ക് 50 മുതൽ 100 രൂപ വരെ ചാർജ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇ്തരത്തിൽ അമിത വില ഈടാക്കി കച്ചവടം നടത്തുന്ന കടയുടമയുടെ ലൈസൻസ് ഉൾപ്പടെ റദ്ദ് ചെയ്ത് നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version